ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാത്തതിലുള്ള കടുത്ത നിരാശ പരസ്യമാക്കി മുംബൈ താരം സര്‍ഫറാസ് ഖാന്. ജീവിതത്തിലും കരിയറിലും ഇതുവരെ തന്റെ പിതാവല്ലാതെ മറ്റാരും പിന്തുണച്ചിട്ടില്ലെന്ന് തുറന്നടിച്ച താരം, ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് കഠിനാധ്വാനം ചെയ്യുന്നത് എന്തിനാണെന്ന ചോദ്യമാണ് മനസ്സില്‍ ഉയരുന്നതെന്നും വ്യക്തമാക്കി. 2024 നവംബറില്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് സര്‍ഫറാസ് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ബെംഗളൂരുവിലെ ടെസ്റ്റില്‍ താരം തകര്‍പ്പന്‍ സെഞ്ച്വറിയും നേടിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംനേടിയെങ്കിലും ഒരു മത്സരത്തില്‍ പോലും പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. അതിനുശേഷമാണ് ടീമില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെട്ടത്.
തന്റെ നിരാശ പങ്കുവെച്ചുകൊണ്ട് സര്‍ഫറാസ് പറഞ്ഞത് ഇങ്ങനെയാണ്: 'ദിവസവും രാവിലെ ഉണരുമ്പോള്‍ സ്വയം ചോദിക്കാറുണ്ട്, എന്തിനാണ് ഞാന്‍ ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നതെന്ന്. ഇത്രയൊക്കെ ചെയ്തിട്ടും അവഗണനയുടെ അനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും കടന്നുപോകുന്നത് എന്തിനാണ്? എന്നാല്‍ എന്റെ പിതാവ് എനിക്ക് വേണ്ടി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്ന് കാണുമ്പോള്‍ അദ്ദേഹത്തിന് വേണ്ടിയെങ്കിലും റണ്‍സ് നേടണമെന്ന് തോന്നും. അത് മാത്രമാണ് ഇപ്പോള്‍ മുന്നോട്ടു പോകാനുള്ള ഏക പ്രചോദനം.' ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ട് സെലക്ടര്‍മാര്‍ ആശയവിനിമയം നടത്താറുണ്ടോ എന്ന ചോദ്യത്തിന്, അതെല്ലാം അവരുടെ മാത്രം തീരുമാനമാണെന്നായിരുന്നു താരത്തിന്റെ മറുപടി. ടീമിലെടുക്കുന്ന കാര്യങ്ങള്‍ അവരുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്നും ഇന്ത്യക്കും മുംബൈക്കും വേണ്ടി റണ്‍സ് കണ്ടെത്തുക എന്നത് മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കന്‍ പര്യടനത്തില്‍ പരിക്കേറ്റ കളിക്കാരന് പകരക്കാരനായി ടീമിലെത്തിയെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ലെന്നും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് അവിടെവെച്ച് തന്നോട് പറഞ്ഞതെന്നും സര്‍ഫറാസ് ഓര്‍മ്മിച്ചു. 'എന്റെ ജീവിതത്തില്‍ ആരുടെയും പിന്തുണയില്ലെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. പിന്തുണ നല്കാന് എന്റെ പിതാവ് മാത്രമേയുള്ളൂ. എങ്കിലും കുഴപ്പമില്ല, ഞാന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഈ തലമുറയില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുക എന്നത് എളുപ്പമല്ല. ഒന്നോ രണ്ടോ റണ്‍സ് നേടിയല്ല ഞാന്‍ ടീമിലെത്തിയത്; ആഭ്യന്തര ക്രിക്കറ്റില്‍ 200-ഉം 250-ഉം 300-ഉം റണ്‍സ് അടിച്ചുകൂട്ടിയാണ്. നിരാശയുണ്ടെങ്കിലും കഠിനാധ്വാനം തുടരാന്‍ തന്നെയാണ് എന്റെ തീരുമാനം,' സര്‍ഫറാസ് വ്യക്തമാക്കി.
തുടര്‍ച്ചയായ അവഗണനയില്‍ നിരാശ പങ്കുവെച്ച് സര്‍ഫറാസ് ഖാന്; പിന്തുണക്കാന്‍ അച്ഛന് മാത്രമെന്ന് മുംബൈ താരം