രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന്റെ ആശയങ്ങളിലും ജനാധിപത്യ മൂല്യങ്ങളിലും സംസ്ഥാനത്തെ ജനങ്ങൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ മറ്റൊരു തെളിവാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്. സംസ്ഥാനത്ത് ബി.ജെ.പിയോടുള്ള ജനരോഷം ശക്തമായി വർദ്ധിച്ചുവരികയാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.
ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച് പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്തിയ അർപ്പണബോധമുള്ള കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും നിരന്തരമായ പോരാട്ടത്തിന്റെയും വിജയമാണിതെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
ജനങ്ങൾ അർപ്പിച്ച ഈ വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ട് അവരെ ആത്മാർത്ഥമായി സേവിക്കാനും, അവരുടെ പ്രതീക്ഷകൾക്കും അഭിലാഷങ്ങൾക്കുമൊത്ത് ഉയർന്ന് പ്രവർത്തിക്കാനും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഈ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും വിജയിച്ചവർക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും സച്ചിൻ പൈലറ്റ് കൂട്ടിച്ചേർത്തു.