ശബരിമലയെ തിരുപ്പതിയുടെ മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉയർന്നതലത്തിലുള്ള പ്രൊഫഷണൽ സംവിധാനങ്ങളുമുള്ള ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ശബരിമലയിലും ഇവിടേക്ക് വരുന്ന വഴികളിലും തീർഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകാത്ത രീതിയിൽ ദീർഘകാല അടിസ്ഥാനത്തിലുള്ള വലിയ സൗകര്യങ്ങളാണ് സർക്കാർ ഒരുക്കുന്നത്. നിലവിലെ സീസൺ കഴിഞ്ഞ ഉടൻ തന്നെ ഉന്നതതല യോഗം ചേർന്ന് പദ്ധതിയുടെ നടപടികൾ ആരംഭിക്കുമെന്നും, അടുത്ത തീർഥാടന കാലത്തിന് മുൻപ് നല്ലൊരു ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സൗകര്യങ്ങൾ നിലവിൽ വരുന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർധനയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ദർശനം കഴിഞ്ഞ് തീർഥാടകർ പെട്ടെന്ന് മടങ്ങിപ്പോകാതെ സമീപത്തുള്ള മറ്റ് പ്രധാന ക്ഷേത്രങ്ങളിലും കൂടി ദർശനം നടത്തുന്ന രീതിയിൽ പിൽഗ്രിം ടൂറിസം വികസിപ്പിക്കാനും ആലോചനയുണ്ട്. ഇത് വഴി സർക്കാരിനും പ്രാദേശിക മേഖലയ്ക്കും വലിയ തോതിൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ശബരിമല വികസന പദ്ധതികൾക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (സിയാൽ) പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സിംഗപ്പൂർ എയർപോർട്ടിലുള്ളതിനേക്കാൾ മികച്ച ഒരു ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സിയാൽ ആരംഭിച്ച കൺസൾട്ടൻസി സർവീസിന് നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിയാലിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഗുണം സമീപത്തെ പഞ്ചായത്തുകളിലെയും അങ്കമാലി മുനിസിപ്പാലിറ്റിയിലെയും ജനങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കണം എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയെ തിരുപ്പതി മാതൃകയിൽ ലോകനിലവാരത്തിലുള്ള തീർത്ഥാടന കേന്ദ്രമാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ