വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചുകൊണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുന്ന പ്രതിഷേധങ്ങളുടെ തന്ത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഇത് ശിവന്റെ താണ്ഡവ നൃത്തം പോലെയാണെന്നും ഇതിൽ പ്ലാനിംഗിന്റെ ആവശ്യമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. "ഞങ്ങൾ തെരുവുകൾക്ക് വേണ്ടിയല്ല പോരാടുന്നത്, മറിച്ച് ഇന്ത്യയിലെ ജനങ്ങളുടെ മനസ്സുകൾക്കും ഹൃദയങ്ങൾക്കും വേണ്ടിയാണ്. ഇത്തരമൊരു ഇന്ത്യ നിങ്ങള്‍ക്ക് അപകടകരമാണെന്ന് ഞങ്ങൾ രാജ്യത്തെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്," വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.
സമരതന്ത്രങ്ങളെക്കുറിച്ച് പ്രിയങ്ക ഗാന്ധിയുമായി നടത്തിയ സംഭാഷണം രാഹുൽ പങ്കുവെച്ചു. "കൃത്യമായ പദ്ധതി തയ്യാറാക്കണമെന്ന് സഹോദരി എന്നോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന്റെ കാതൽ അവർക്ക് മനസ്സിലായിട്ടില്ലെന്നാണ് ഞാൻ മറുപടി നൽകിയത്. ഇത് ശിവന്റെ താണ്ഡവ നൃത്തമാണ്, ഇതിന് യാതൊരു പ്ലാനിംഗിന്റെയും ആവശ്യമില്ല. ഇന്ന് ഞങ്ങൾ സുപ്രീം കോടതിയിലേക്ക് പോകുന്നു, നാളെ ഇത് മറ്റൊന്നായിരിക്കും. ആകാശവാണി ഭവനിലെ സമരം ഞങ്ങൾ പ്ലാൻ ചെയ്തതാണോ? ബസിൽ പോവുക, അവിടെയിരുന്ന് അറസ്റ്റ് വരിക്കുക എന്നതായിരുന്നു പ്ലാൻ. എന്നാൽ പോലീസ് അത് തടഞ്ഞപ്പോൾ ഞങ്ങൾ പ്ലാൻ മാറ്റി. അവിടെ ഫലമുണ്ടായത് പ്ലാനിംഗിലൂടെയാണോ അതോ പ്ലാൻ ഇല്ലാതെ ചെയ്തതാണോ? ശിവന്റെ ഈ താണ്ഡവത്തിലേക്ക് ആർക്കും, ഏത് സമയത്തും പങ്കുചേരാം," അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച പോലീസ് മാർച്ച് തടഞ്ഞപ്പോൾ ഡൽഹിയിലെ ആകാശവാണി ഭവൻ ക്യാമ്പസ് രാഹുൽ ഗാന്ധി രാത്രി വൈകുംവരെ ഉപരോധ സമരകേന്ദ്രമാക്കി മാറ്റിയിരുന്നു.
സുപ്രീം കോടതിയിലേക്ക് ഇന്ത്യ മുന്നണി മാർച്ച്
തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരത്തിന്റെ ഭാഗമായി 'ഇന്ത്യാ' മുന്നണി സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുകയാണ്. തന്റെ ഭാരത് ജോഡോ യാത്രയെ അനുസ്മരിച്ച രാഹുൽ, "ഭാരത് ജോഡോ യാത്രയിൽ രാജാവില്ലായിരുന്നു, എല്ലാവരും ഒന്നിച്ചാണ് നടന്നത്. ഇന്ത്യയിലെ ജനങ്ങൾ പരസ്പരം നെഞ്ചിലേറ്റിയ ആ യാത്രയും ശിവന്റെ താണ്ഡവവും വരവേൽപ്പും തന്നെയായിരുന്നു. ഇന്ത്യ പ്രതിരോധിക്കുന്നത് കൃത്യമായ പ്ലാനുകളോടെയല്ല, ഹൃദയം കൊണ്ടാണ്. ആ പ്രതിരോധം തുടരുക തന്നെ ചെയ്യും," എന്ന് കൂട്ടിച്ചേർത്തു.
'ഒരൊറ്റ പ്രതിഷേധം, ഒരൊറ്റ ലക്ഷ്യം'
രാജ്യത്ത് നടക്കുന്ന വിവിധ പ്രതിഷേധങ്ങളെ വേർതിരിച്ചു കാണാൻ അദ്ദേഹം തയ്യാറായില്ല. "ഇവിടെ നടക്കുന്നത് ഒരൊറ്റ പ്രതിഷേധമാണ്. സമാന്തരമായി ഒന്നുമില്ല. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാൻ ഇറങ്ങുന്ന ആരുമായും ഞങ്ങൾ കൈകോർക്കും. അവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യും. ആദ്യം ഗ്യാനേഷ് കുമാറിനെയും തുടർന്ന് പ്രധാനമന്ത്രിയെയും അമിത് ഷായെയും സ്ഥാനത്തുനിന്ന് നീക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിൽ നിന്ന് ഞങ്ങൾ പിന്നോട്ടില്ല," എന്ന് രാഹുൽ എടുത്തുപറഞ്ഞു.
സർക്കാരുമായി നേരിട്ട് ആശയവിനിമയമില്ല
സർക്കാർ പ്രതിനിധികളാരെങ്കിലും ബന്ധപ്പെട്ടോ എന്ന ചോദ്യത്തിന്, തന്നെയല്ല മറിച്ച് തനിക്ക് ചുറ്റുമുള്ളവരെയാണ് സർക്കാർ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. "അവർക്ക് കാര്യങ്ങൾ വ്യക്തമായി അറിയാം. ഇതാ മാധ്യമങ്ങളിലൂടെ ഞാൻ സംസാരിക്കുന്നത് തന്നെയാണ് സർക്കാരുമായുള്ള ആശയവിനിമയം. എനിക്ക് രഹസ്യമായി ഫോണിൽ സംസാരിക്കേണ്ട കാര്യമില്ല. ജനങ്ങൾക്ക് മുന്നിൽ എല്ലാം സുതാര്യമാണ്. സർക്കാറിനോടും ജനങ്ങളോടും പറയാനുള്ളത് ഞാൻ ഈ വേദിയിൽ നിന്നും തെരുവിൽ നിന്നും വിളിച്ചു പറയും," രാഹുൽ വ്യക്തമാക്കി.