Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം ജൂലൈ 18-ന്; കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം  ജൂലൈ 18-ന്; കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം 2026 ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 6.30-ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പ്രഭാത നമസ്കാരവും തുടർന്ന് രാവിലെ 7.00-ന് വിശുദ്ധ കുർബാനയും നടക്കും. കുർബാനയ്ക്ക് ശേഷം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രത്യേക ധൂപപ്രാർത്ഥനയും അനുസ്മരണ ചടങ്ങുകളും നടക്കും. ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.

തുടർന്ന് രാവിലെ 9.00-ന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെയും ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച വിശാലമായ പന്തലിൽ സ്മൃതി സമ്മേളനവും പൊതുസമ്മേളനവും നടക്കും. എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി ശ്രീ കെ.സി. വേണുഗോപാൽ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. കേരള നിയമസഭാ സ്പീക്കർ ശ്രീ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി ശ്രീ മോൻസ് ജോസഫ്, വിവിധ ജനപ്രതിനിധികൾ, സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ പദ്ധതികളുടെ വിതരണവും ചടങ്ങിൽ നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അഞ്ച് കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി അനുവദിക്കുന്നതിനുള്ള രേഖകൾ കൈമാറും. വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന 1,200 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. കൂടാതെ, പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ അനാഥാലയങ്ങളിൽ ഭക്ഷണ വിതരണവും സംഘടിപ്പിക്കും.

യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കണമെന്ന ശക്തമായ സാമൂഹിക സന്ദേശത്തിന്റെ ഭാഗമായി പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ 114 സ്കൂളുകൾക്ക് സൈക്കിളുകൾ, ക്രിക്കറ്റ് കിറ്റുകൾ, ഫുട്ബോളുകൾ എന്നിവ വിതരണം ചെയ്യും. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലും കൗമാരക്കാരിലും ആരോഗ്യകരമായ ജീവിതശൈലിയും കൂട്ടായ്മയുടെ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഇതോടൊപ്പം, "സ്പോർട്സിലൂടെ ലഹരിയിൽ നിന്ന് മോചനം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ 17, 18, 19 തീയതികളിലായി അഖില കേരള ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കുന്നുണ്ട്. കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സച്ചിൻ ബേബി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 34 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് ഒന്നാം സമ്മാനമായി ₹1,00,000-വും രണ്ടാം സമ്മാനമായി ₹50,000-വും സമ്മാനമായി നൽകും.

ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയവും നിസ്വാർത്ഥ ജനസേവനവും വികസനദർശനവും പുതുതലമുറയ്ക്ക് പകർന്നു നൽകുകയും അദ്ദേഹത്തിന്റെ പാരമ്പര്യം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞ പുതുക്കുകയും ചെയ്യുന്ന വേദിയായിരിക്കും ഈ സ്മൃതി ദിനാചരണമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. അറിയിച്ചു. മുഴുവൻ ജനങ്ങളെയും പരിപാടികളിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in