തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെതിരെ ഉയര്‍ന്ന വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാന്‍ സിപിഎം തീരുമാനം. കെ.എന്‍. ബാലഗോപാല്‍, ടി.പി. രാമകൃഷ്ണന്‍ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മിഷനായിരിക്കും വിഷയം അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനമുണ്ടായത്.
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് പി. ജയരാജനാണ് പാര്‍ട്ടിയില്‍ ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നാലെ പി. ജയരാജനെതിരെ ഇ.പി. ജയരാജനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരുടെയും പരാതികള്‍ വിശദമായി അന്വേഷിക്കാനാണ് പാര്‍ട്ടി കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
2022-ലാണ് പി. ജയരാജന്‍ ആദ്യമായി ഈ വിഷയം പാര്‍ട്ടിക്ക് മുന്നിലെത്തിച്ചത്. വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന് സാമ്പത്തിക നിക്ഷേപമുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത് നിഷേധിച്ച ഇ.പി. ജയരാജന്‍, തന്റെ ഭാര്യ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യങ്ങളാണ് റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നായിരുന്നു വിശദീകരിച്ചത്.
എന്നാല്‍, ഒരു മാസം മുന്‍പ് കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയില്‍ നിന്ന് ഇ.പി. ജയരാജന്റെ ഭാര്യ പണം കൈപ്പറ്റിയെന്നും ഈ തുകയാണ് വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപിച്ചതെന്നും ജയരാജന്റെ സഹോദരീപുത്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതോടെ വിഷയം വീണ്ടും ചര്‍ച്ചയാവുകയും പി. ജയരാജന്‍ പരാതി ആവര്‍ത്തിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പാര്‍ട്ടിയുടെ പുതിയ നടപടി.
വൈദേകം റിസോര്‍ട്ട് വിവാദം: അന്വേഷണ കമ്മീഷനെ വച്ച് സിപിഎം; പി ജയരാജനെതിരെ പരാതി എഴുതി നല്‍കി ഇ പി ജയരാജൻ