ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഡൽഹിയിൽ നാടകീയ രംഗങ്ങളും വൻ പോലീസ് നടപടിയും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ജന്തർ മന്തറിന് ഒരു കിലോമീറ്റർ അകലെ അശോക റോഡിൽ ഷാംഗ്രി-ലാ ഹോട്ടലിന് സമീപം വൻ പോലീസ് സന്നാഹവും ബാരിക്കേഡുകളും തീർത്ത് പോലീസ് ബസുകൾ തടഞ്ഞു. ഇതോടെ പ്രതിപക്ഷ എം.പിമാരും പ്രവർത്തകരും റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധി റോഡിൽ കിടന്ന് മണിക്കൂറുകളോളം പ്രതിഷേധിച്ചു. കേന്ദ്രസേന പ്രിയങ്ക ഗാന്ധിയെ വലിച്ചിഴച്ചാണ് റോഡില്‍ നിന്ന് നീക്കിയത്. അതിനിടയില്‍ പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ തള്ളേറ്റവും സംഘർഷവുമുണ്ടായി. ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നിരവധി നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. അറസ്റ്റ് ചെയ്ത് മാറ്റുന്നതിനിടയിലും, പോലീസ് വാഹനത്തിത്തിലിരുന്ന് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക ഗാന്ധി തങ്ങളുടെ പോരാട്ടവീര്യം പ്രഖ്യാപിച്ചത്.
ജനപ്രതിനിധികളോട് ക്രൂരമായാണ് പോലീസ് പെരുമാറിയതെന്നും, തങ്ങളെ തള്ളി താഴെയിടുകയും പോലീസുകാർ ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് വാഹനത്തിലിരുന്ന് പ്രിയങ്ക പ്രതികരിച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്നും പ്രിയങ്ക തുറന്നടിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതിപക്ഷ എം.പിമാർക്കായി ഒരുക്കിയ ഐക്യദാർഢ്യ ലഞ്ചിന് ശേഷമാണ് നേതാക്കൾ അപ്രതീക്ഷിതമായി ജന്തർ മന്തറിലേക്ക് നീങ്ങിയത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ (എം), സി.പി.ഐ, ആർ.ജെ.ഡി, മുസ്ലിം ലീഗ് തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ എം.പിമാർ മൂന്ന് ബസുകളിലായാണ് ജൻപഥിൽ നിന്ന് യാത്രതിരിച്ചത്.
പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശനും സ്ഥലത്തെത്തിയിരുന്നു. ഡൽഹിയിലായിരുന്ന അദ്ദേഹം കേരള ഹൗസിൽ നിന്ന് നടന്നാണ് അശോക റോഡിലെ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയത്. അർദ്ധസൈനിക വിഭാഗങ്ങളെയടക്കം വിന്യസിച്ച് കടുത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി നിലവിലുള്ളത്.