ന്യൂയോർക്ക്: അമേരിക്കയുടെ മധ്യ, കിഴക്കൻ മേഖലകളിൽ 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങൾ. മണിക്കൂറിൽ 70 മൈൽ (112 കി.മീ) വരെ വേഗതയിൽ വീശിയടിച്ച കൊടുങ്കാറ്റും കനത്ത മഴയും മഞ്ഞുവീഴ്ചയും തീരദേശ വെള്ളപ്പൊക്കവും ദശലക്ഷക്കണക്കിന് ജനങ്ങളുടെ സാധാരണ ജീവിതത്തെയും അവധിക്കാല യാത്രകളെയും സാരമായി ബാധിച്ചു.
കൊടുങ്കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തതോടെ രാജ്യത്തുടനീളം ഒമ്പത് ലക്ഷത്തിലധികം ഉപഭോക്താക്കൾ ഇരുട്ടിലായി. പെൻസിൽവാനിയ, മേരിലാൻഡ്, വിർജീനിയ എന്നിവിടങ്ങളിലാണ് വൈദ്യുതി തടസ്സം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് വിവിധ വിമാനത്താവളങ്ങളിലായി 400-ലധികം വിമാനങ്ങൾ റദ്ദാക്കുകയും 2,000-ത്തോളം സർവീസുകൾ വൈകുകയും ചെയ്തു.
കൊടുങ്കാറ്റ് രാജ്യത്തെ താങ്ക്‌സ്ഗിവിങ് ആഘോഷങ്ങളെയും സാരമായി ബാധിച്ചു. ചരിത്രത്തിലാദ്യമായി ന്യൂയോർക്കിലെ പ്രശസ്തമായ 'മേസിസ് പരേഡ്' ശനിയാഴ്ചത്തേക്ക് മാറ്റിവെച്ചു. സ്ഥിതിഗതികൾ രൂക്ഷമായതോടെ ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ന്യൂജേഴ്സി ഗവർണർ മിക്കി ഷെറിൽ ബുധനാഴ്ച തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തിരുന്നു.
വെസ്റ്റ് വിർജീനിയയിലെ ഷോഷൂവിൽ മണിക്കൂറിൽ 70 മൈൽ വേഗതയിലും മേരിലാൻഡ്, വിർജീനിയ, ഡെലവെയർ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ 60 മൈലിലധികം വേഗതയിലുമാണ് കാറ്റ് വീശിയടിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പെൻസിൽവാനിയയെയും ന്യൂജേഴ്സിയെയും ബന്ധിപ്പിക്കുന്ന കൊമോഡോർ ബാരി പാലം, ന്യൂജേഴ്സിയിലെ വൈൽഡ്വുഡ് ക്രെസ്റ്റിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ, വിർജീനിയയിലെ ചെസാപീക്ക് ബേ ബ്രിഡ്ജ്-ടണൽ, ജെയിംസ് റിവർ ബ്രിഡ്ജ് എന്നിവ അടച്ചു.
മേരിലാൻഡിലെ മോണ്ട്‌ഗോമറി കൗണ്ടിയിൽ വീടുകൾക്ക് മുകളിലേക്ക് ഡസൻ കണക്കിന് മരങ്ങൾ കടപുഴകി വീണതിനെ തുടർന്ന് ഫയർ & റെസ്‌ക്യൂ വിഭാഗം രക്ഷാപ്രവർത്തനം ഊർജിതമാക്കി. അതേസമയം, ന്യൂജേഴ്സിയിലെയും അറ്റ്‌ലാന്റിക് സിറ്റിയിലെയും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളമിറങ്ങിത്തുടങ്ങിയതായി എമർജൻസി മാനേജ്‌മെന്റ് കോഓർഡിനേറ്റർ അറിയിച്ചു.
അമേരിക്കയിൽ ആഞ്ഞടിച്ച് 'നോർ-ഈസ്റ്റർ' കൊടുങ്കാറ്റ്; ഒമ്പത് ലക്ഷത്തിലധികം വീടുകൾ ഇരുട്ടിൽ, ന്യൂയോർക്കിലും ന്യൂജേഴ്സിയിലും അടിയന്തരാവസ്ഥ