പാര്‍ലമെന്റില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന 'നാരി ശക്തി വന്ദന്‍ അധിനിയം' 2023 സെപ്റ്റംബറില്‍ തന്നെ പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയതാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ഈ നിയമം ഉടന്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അത് തള്ളിക്കളയുകയായിരുന്നു. മൂന്ന് വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരുന്ന ഈ നിയമം, 2026 ഏപ്രില്‍ 16-ന് രാത്രി 10.40-ഓടെയാണ് തിടുക്കപ്പെട്ട് വിജ്ഞാപനം ചെയ്തത്. നിലവില്‍ നിയമമായിക്കഴിഞ്ഞ വനിതാ സംവരണത്തിന് വേണ്ടിയല്ല ഇപ്പോള്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മണ്ഡല പുനര്‍നിര്‍ണയത്തിന്റെ പേരില്‍ മണ്ഡലങ്ങളുടെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ നിശ്ചയിക്കാനുള്ള അധികാരം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജയറാം രമേശ് ആരോപിച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് പ്രഹസനമാക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്ത വ്യക്തിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെന്നും അദ്ദേഹം വിമര്‍ശിച്ചു. വന്‍തോതില്‍ 'വോട്ട് മോഷണം' നടത്തിയവര്‍ക്ക് തന്നെ മണ്ഡല പുനര്‍നിര്‍ണയത്തിനും മണ്ഡലങ്ങളുടെ സ്വഭാവം അട്ടിമറിക്കാനുമുള്ള അധികാരം നല്‍കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധത്തിലായ പ്രധാനമന്ത്രിയുടെ നിരാശയില്‍ നിന്നുള്ള നീക്കമാണിതെന്നും, ഇതിനെ ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെ കോണ്‍ഗ്രസ് നേരിടുമെന്നും ജയറാം രമേശ് വ്യക്തമാക്കി.