ന്യൂഡൽഹി: ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളിൽ പ്രത്യേകം മുന്നറിയിപ്പ് നൽകണമെന്ന് സുപ്രീം കോടതി. പാക്കറ്റിന്റെ മുൻവശത്ത് തന്നെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്ന രീതിയിൽ പോഷകഘടകങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷൻ ലേബലിങ് (FOPNL) സംവിധാനം ഫലപ്രദമായി നടപ്പാക്കാനാണ് നിർദേശം. ഈ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ ജെ.ബി. പാർഡിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ഓരോ മുന്നറിയിപ്പ് ലേബലും ചുവന്ന ഷഡ്ഭുജാകൃതിയിൽ (Red Hexagon) ആയിരിക്കണം. ഓരോ ഷഡ്ഭുജാകൃതിയിലുള്ള ലേബലിലും ആശങ്കയ്ക്കിടയാക്കുന്ന പോഷകഘടകത്തെ സൂചിപ്പിക്കുന്ന ഏകീകൃത ചിത്രരൂപവും അതിനൊപ്പം ബന്ധപ്പെട്ട മുന്നറിയിപ്പ് വാക്കുകളും ഉൾപ്പെടുത്തണം. അതായത്, 'ഉയർന്ന കൊഴുപ്പ്', 'ഉയർന്ന പഞ്ചസാര' അല്ലെങ്കിൽ 'ഉയർന്ന ഉപ്പ്' എന്നീ വാക്കുകൾ ലേബലിൽ ഉണ്ടായിരിക്കണം.
പാക്കറ്റിന്റെ പ്രധാന പ്രദർശന പാനലിന്റെ വിസ്തീർണത്തിന് ആനുപാതികമായി ഷഡ്ഭുജാകൃതിയിലുള്ള ലേബലിന്റെ വലുപ്പം നിശ്ചയിക്കണമെന്നും കോടതി വ്യക്തമാക്കി. അന്താരാഷ്ട്ര രീതികൾക്ക് അനുസൃതമായി ഓരോ ഷഡ്ഭുജവും പ്രസ്തുത പാനലിന്റെ 4 മുതൽ 5 ശതമാനംവരെ വിസ്തീർണം ഉൾക്കൊള്ളണം. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയിൽ ഒന്നിലധികം ഘടകങ്ങൾ അനുവദനീയമായ പരിധിയിൽ കൂടുതലാണെങ്കിൽ ഓരോ ഘടകത്തിനും പ്രത്യേകം ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് ലേബൽ നൽകണം. ഒന്നിലധികം ഘടകങ്ങളെ ഉൾപ്പെടുത്തി ഒറ്റ മുന്നറിയിപ്പ് ചിഹ്നം നൽകുന്നത് മതിയാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
2020-ലെ ചട്ടങ്ങൾ ഉൾപ്പെടെയുള്ള നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളിൽ പോഷകാഹാരത്തെക്കുറിച്ചുള്ള അറിവും അവബോധവും വളർത്തുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താനും കോടതി നിർദേശിച്ചു.
പാഠപുസ്തകങ്ങളിലെ പഠനത്തിനപ്പുറം പ്രായോഗികമായ പോഷകാഹാര അവബോധം കുട്ടികളിൽ വളർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിനായി സംവേദനാത്മക ശിൽപശാലകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുത്താമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉയർന്ന കൊഴുപ്പും പഞ്ചസാരയും ഉപ്പും; പാക്കറ്റിന് മുൻവശത്ത് വ്യക്തമായ മുന്നറിയിപ്പ് ലേബൽ വേണമെന്ന് സുപ്രീം കോടതി