തിരുവനന്തപുരം : സംസ്ഥാനത്തെ സർവകലാശാല ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം വൈകും. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം തനത് ഫണ്ടിൽ നിന്നും പെൻഷൻ പരിഷ്കരണ സർക്കാർ ഉത്തരവ് നടപ്പാക്കാനാകാതെ സർവകലാശാലകൾ. അതേസമയം പെൻഷൻ പണം സർവ്വകലാശാലകളുടെ ഫണ്ടിൽ നിന്ന് നൽകണമെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് സർവകലാശാലകൾ.
പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണ ഉത്തരവ് സർവകലാശാലകൾ കഴിഞ്ഞ ജൂണിലാണ് പുറത്തിറക്കിയത്. സർവ്വകലാശാലകളിലെ വിവിധ അക്കൗണ്ടുകളിൽ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ മതിയായ ഫണ്ട് തുകയുണ്ടെന്ന സർക്കാർ ഓഡിറ്റ് വകുപ്പിന്റെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണത്തിനു വേണ്ടി വരുന്ന ചെലവ് സർവകലാശാലകൾ വഹിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കിയത്.
സർവകലാശാല ചട്ടമനുസരിച്ച് പെൻഷൻഫണ്ട് രൂപീകരിക്കേണ്ടതുണ്ടെങ്കിലും കൊച്ചി, കണ്ണൂർ സർവ്വകലാശാലകൾ മാത്രമാണ് പെൻഷൻഫണ്ട് രൂപീകരിച്ചിട്ടുള്ളത്. കേരള സർവകലാശാല ഇതിനുവേണ്ടി തുക മാറ്റിവെച്ചിട്ടുണ്ടെങ്കിലും പെൻഷൻഫണ്ട് രൂപീകരിച്ചിട്ടില്ല. കേരള സർവകലാശാല ഇതിന് നീക്കി വച്ചിട്ടുള്ള ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റ് വകുപ്പ് സർവകലാശാലകളിൽ അധിക ഫണ്ട് ഉണ്ടെന്ന് സർക്കാരിനെ ബോധിപ്പിച്ചത്.
കേരള സർവകലാശാല സർക്കാരിന്റെ പെൻഷൻ പരിഷ്കരണ ഉത്തരവ് ആദ്യം നടപ്പാക്കിയെങ്കിലും വൈസ് ചാൻസലർ അത് റദാക്കി. കൊച്ചി, എംജി,കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾ അടുത്ത മാസം മുതൽ പുതിയ പരിഷ്കരണം നടപ്പാക്കുമെങ്കിലും ഫണ്ട് അപര്യാപ്തതമൂലം രണ്ട് വർഷത്തെ കുടിശിഖ തടഞ്ഞുവെക്കാനാണ് നീക്കം. കേരള, കാർഷിക, സംസ്കൃത സർവ്വകലാശാലകൾ ഇത് സംബന്ധിച്ച് നിലപാട് സ്വീകരിച്ചിട്ടില്ല .
അഞ്ച് ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് പെൻഷൻ പരിഷ്കരണം നടപ്പിലാക്കിയ സർക്കാർ ഇരുപതിനായിരത്തോളംവരുന്ന സർവകലാശാലാ ജീവനക്കാരുടെ പെൻഷൻ പരിഷ്കരണം പ്രതിസന്ധിയിലാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.