ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച സംവാദ വെല്ലുവിളി 24 മണിക്കൂർ പിന്നിട്ടതിന് പിന്നാലെ വീണ്ടും കടുത്ത ചോദ്യങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് നിരന്തരം ആരോപിക്കുന്ന പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടെങ്കിൽ താനുമായി നേരിട്ട് സംവാദത്തിൽ ഏർപ്പെടാൻ തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പരിഹാസവും വെല്ലുവിളിയും.
ആർക്കാണ് യഥാർത്ഥത്തിൽ രാജ്യദ്രോഹപരമായ നിലപാടുകളുള്ളതെന്നും ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളതെന്നും വ്യക്തമാക്കാൻ എത്രയും വേഗം വേദി നിശ്ചയിക്കണം. മാധ്യമങ്ങളുടെയും രാജ്യത്തെ യുവാക്കളുടെയും സാന്നിധ്യത്തിൽ നടക്കുന്ന തുറന്ന ചർച്ചയിൽ പ്രധാനമന്ത്രി "പേടിക്കരുത്" എന്ന് രാഹുൽ പരിഹസിച്ചു. സംവാദത്തിൽ മോഹൻ ഭാഗവതിനെപ്പോലും ജഡ്ജിയോ മധ്യസ്ഥനോ ആയി നിശ്ചയിക്കാൻ പ്രധാനമന്ത്രിക്ക് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര മന്ത്രിസഭയെപ്പോലും അറിയിക്കാതെ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഒറ്റയ്ക്ക് യു.എസ്. കരാറിൽ ഒപ്പുവെച്ചതെന്നും, അദാനിക്കെതിരെയുള്ള കേസ് അവസാനിപ്പിച്ചതിന് പിന്നിലെ കാരണം എന്താണെന്നും ചർച്ചയിൽ താൻ ഉന്നയിക്കുമെന്ന് രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ 45-ഓളം അപകീർത്തിക്കേസുകൾ നിലവിലുണ്ടായിട്ടും വിദേശബന്ധ ആരോപണത്തിൽ കേസ് നൽകാൻ തയാറാകാത്തത് എന്തുകൊണ്ടാണെന്നും, ധൈര്യമുണ്ടെങ്കിൽ ഈ വിഷയത്തിലും കേസ് നൽകാൻ രാഹുൽ വെല്ലുവിളിച്ചു. കടുത്ത വിമർശനങ്ങൾ ഉന്നയിച്ച ശേഷം "ഹാപ്പി ദീപാവലി, മോദിജി" എന്ന് ആശംസിച്ചാണ് രാഹുൽ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
'ആർക്കാണ് വിദേശ ബന്ധമെന്ന് ജനങ്ങൾ അറിയട്ടെ'; 24 മണിക്കൂറിനുള്ളിൽ രണ്ടാമതും മോദിയെ വെല്ലുവിളിച്ച് രാഹുൽ