തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള ആഭ്യന്തര ചരക്ക് നീക്കത്തിൽ സർവ്വകാല റെക്കോർഡ്. ഒക്ടോബറിൽ മാത്രം 444 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. 2026 ജൂണിൽ കുറിച്ച 406 മെട്രിക് ടൺ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുത്തിക്കുറിച്ചത്. കഴിഞ്ഞ റെക്കോർഡിനേക്കാൾ 38 മെട്രിക് ടൺ അധികം (9.4 ശതമാനം വർധന) ചരക്ക് നീക്കമാണ് ഒക്ടോബറിൽ നടന്നിട്ടുള്ളത്.
കേരളത്തിൽ നിന്നുള്ള വിമാന ചരക്ക് സേവനങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയും ബിസിനസ് സ്ഥാപനങ്ങൾ, കൊറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുടെ സജീവ പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് പിന്നിൽ. ഡൽഹിയിൽ നിന്നുള്ള മൊബൈൽ ഫോണുകളുടെയും മുംബൈയിൽ നിന്നുള്ള ഒപ്റ്റിക്കൽ ലെൻസുകളുടെയും വരവിലുണ്ടായ വൻ വർധനവും കൊറിയർ-കൺസോളിഡേറ്റഡ് കാർഗോ പ്രവർത്തനങ്ങളിലെ വളർച്ചയുമാണ് ചരക്ക് നീക്കത്തിന് കരുത്തേകിയത്. മുമ്പ് കൊച്ചി വഴി കൈകാര്യം ചെയ്തിരുന്ന ചില പ്രധാന ഔട്ട്ബൗണ്ട് കാർഗോ സേവന ദാതാക്കൾ ഇപ്പോൾ തിരുവനന്തപുരത്തു നിന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് തിരുവനന്തപുരം വഴി ചരക്കുനീക്കം നടക്കുന്ന പ്രധാന അഞ്ച് നഗരങ്ങൾ. പോസ്റ്റ് ഓഫീസ് മെയിൽ വിഭാഗത്തിലും മികച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ആരംഭിച്ചത് മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് പുതിയ അവസരങ്ങൾ തുറക്കുമെന്നും, വിമാനത്താവളവും തുറമുഖവും തമ്മിലുള്ള സഹകരണം തിരുവനന്തപുരത്തെ സംയോജിത ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്താൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിൽ ആഭ്യന്തര ചരക്ക് നീക്കത്തിൽ റെക്കോർഡ്; ഒക്ടോബറിൽ കൈകാര്യം ചെയ്തത് 444 മെട്രിക് ടൺ ചരക്ക്