കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പ്രതിഷേധിച്ചതിനെ തുടർന്ന് സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ തെറ്റ് ഉൾക്കൊണ്ട് മാപ്പപേക്ഷ നൽകിയാൽ അവർക്ക് പരീക്ഷ എഴുതാൻ ഇനിയും അവസരമൊരുക്കാമെന്നതാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്ന് മന്ത്രി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. കാലടി തന്റെ മണ്ഡലത്തിലായതിനാൽ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വത്തിലൂടെയുമാണോ സമരം ചെയ്യേണ്ടതെന്നും, സർവകലാശാലയിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ ഉടൻ തന്നെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ഡിഗ്രി പാസാകാത്ത എസ്.എഫ്.ഐ നേതാവിന് കഴിഞ്ഞ സിൻഡിക്കേറ്റ് പി.ജിക്ക് അഡ്മിഷൻ നൽകിയതടക്കമുള്ള വിവരങ്ങൾ തന്റെ കൈവശമുണ്ടെന്നും മന്ത്രി തുറന്നടിച്ചു.
കേരളത്തിലെ ചില ക്യാമ്പസുകളെ പാർട്ടി ഗ്രാമങ്ങൾ പോലെയാക്കിയാണ് ചിലർ പ്രവർത്തിക്കുന്നത്. ജീവിച്ചിരിക്കുന്ന വ്യക്തിയുടെ ശവസംസ്കാരം നടത്തുന്നതും അക്രമങ്ങൾ നടത്തുന്നതും നിയമ പ്രശ്നമല്ല, മറിച്ച് സംസ്കാരത്തിന്റെ പ്രശ്നമാണ്. മഹാരാജാസ് കോളേജിൽ പ്രതിഷേധിച്ചവരിൽ ഭൂരിഭാഗവും ക്യാമ്പസുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ള എസ്.എഫ്.ഐ നേതാക്കളാണ്. സസ്‌പെൻഷൻ കാലയളവിൽ പോലും ചില വിദ്യാർത്ഥികൾ ക്യാമ്പസിൽ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള അന്തരീക്ഷം ഉണ്ടാകണമെന്നാണ് ആഗ്രഹം. സംഘപരിവാർ രാഷ്ട്രീയവുമായി യാതൊരു സന്ധിയുമില്ലെന്നും, തെറ്റ് തിരുത്തി തിരിച്ചുവരുന്ന വിദ്യാർത്ഥികളെ പൂർണ്ണമായും അംഗീകരിക്കാൻ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്