ന്യൂഡല്‍ഹി : പത്തനംതിട്ട ജില്ലയില്‍ വാക്സിന് രണ്ട് ഡോസും എടുത്തവരില്‍ രോഗവ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഡെല്‍റ്റ വകഭേദം ഉള്‍പ്പെടെ വ്യാപിക്കുന്നതിനാലാണ് വാക്സിന് സ്വീകരിച്ചതില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുന്നതെന്നാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍.
ജില്ലയില്‍ രണ്ട് ഡോസും സ്വീകരിച്ചിട്ടും രോഗബാധിതരായവരുടെ എണ്ണം 7000 കടന്നു. ഇതില്‍ 258 പേര് വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ട ശേഷമാണ് രോഗബാധിതരായത്. അതേസമയം സംസ്ഥാനം കേന്ദ്രത്തിന് നല്കിയ കണക്ക് അനുസരിച്ച് 5042 പേര്‍ക്കാണ് രണ്ട് ഡോസ് സ്വീകരിച്ചിട്ടും രോഗം ബാധിച്ചത്. ഒരു ഡോസ് വാക്സിന് സ്വീകരിച്ചിട്ടും രോഗം ബാധിച്ചത് 14,000ല്‍ അധികം പേര്‍ക്കാണ്. ഇതില്‍ 4490 പേര് വാക്സിനെടുത്ത് 15 ദിവസം പിന്നിട്ട ശേഷമാണ് രോഗബാധിതരായത്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം പഠിക്കാനെത്തിയ ആറംഗ സംഘമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പത്തനംതിട്ട ജില്ലയില്‍ വാക്സിന് വിതരണത്തില്‍ പിഴവ് സംഭവിച്ചോ എന്നതുള്‍പ്പെടെ പഠനവിധേയമാക്കാനും കേന്ദ്രം നിര്‍ദേശിച്ചു.