തിരുവനന്തപുരത്ത് നിന്നും കാണാതായ 17 വയസ്സുകാരനെ കൊല്ലപ്പെട്ട് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗര്‍ സ്വദേശി അഭിറാമിന്റെ മൃതദേഹമാണ് വിജനമായ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സുഹൃത്ത് വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അഭിറാം രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെയാണ് പിതാവ് ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയത്.
അഭിറാമിന്റെ സുഹൃത്തുക്കളില്‍നിന്നും വിവരങ്ങളൊന്നും ലഭിക്കാതെ വന്നതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുമാണ് പോലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. അതില്‍ 17-കാരനും, ഒരു പെണ്‍കുട്ടിയും, മറ്റൊരാളുമാണ് എന്നാണ് വിവരം. ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുടെ ശബ്ദത്തില്‍ വ്യാജമായി സംസാരിച്ച് അഭിറാമിനെ വിളിച്ചുവരുത്തുകയായിരുന്നു.
പ്രണയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതിനെക്കുറിച്ച് അഭിറാമിന്റെ ഒരു സുഹൃത്ത് പോലീസിനോട് തുറന്നുസമ്മതിച്ചു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാങ്ങപ്പാറയിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഒരു ഒഴിഞ്ഞ പറമ്പില്‍ വാഴകള്‍ക്കിടയില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സ്ഥലത്ത് ഇപ്പോള്‍ പോലീസിന്റെ പരിശോധന പുരോഗമിക്കുകയാണ്.
പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ, പെൺകുട്ടിയടക്കം 3 പേർ കസ്റ്റഡിയിൽ