രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ ഗുരുതര വീഴ്ചകളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ലോക്‌സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. പരീക്ഷാ സംവിധാനങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടും കേന്ദ്ര സർക്കാർ നിഷ്ക്രിയത്വം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
NEET അടക്കമുള്ള മത്സരപരീക്ഷകളിൽ 152-ഓളം ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടായിട്ടും കുറ്റക്കാർക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ സർക്കാരിനായിട്ടില്ല. പരീക്ഷാ അനിശ്ചിതത്വം മൂലം വിദ്യാർത്ഥികൾ ആത്മഹത്യയിലേക്ക് തള്ളപ്പെടുകയാണ്. വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പോലീസ് നടപ്പാക്കിയ ലാത്തിച്ചാർജ്ജ് ഉൾപ്പെടെയുള്ള അതിക്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു.
ദേശീയ പരീക്ഷകളുടെ വിശ്വാസ്യത തകർത്ത പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സഭയിൽ മറുപടി നൽകണമെന്നും ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. എല്ലാ ചോർച്ച കേസുകളിലും സമയബന്ധിതമായ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.