കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ റാമിനെ ക്രൈം ബ്രാഞ്ചിൻ്റെ കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്ന ഡോ. റാമിനെ കേസിന്റെ തുടർനടപടികൾക്കായി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി അപേക്ഷ നൽകി. മൂന്ന് ദിവസത്തെ കസ്റ്റഡി പോരേയെന്ന് കോടതി ചോദിച്ചെങ്കിലും, പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും കേസിലെ മറ്റ് വിവരങ്ങൾ ശേഖരിക്കാനും അഞ്ച് ദിവസം തന്നെ വേണമെന്ന് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചു. ക്രൈം ബ്രാഞ്ചിന്റെ വാദം അംഗീകരിച്ച കോടതി പ്രതിയെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിടുകയായിരുന്നു.