തിരുവനന്തപുരം : മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ്-യു.ജി പരീക്ഷ ഇന്ന്. ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെയാണ് പരീക്ഷ. 11 മുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കും. എന്നാല്‍, ഒന്നരക്കുശേഷം പ്രവേശനം അനുവദിക്കില്ല.
രാജ്യത്തെയും ഗള്‍ഫിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 16.1 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കേരളത്തില്‍ 13 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 ഓളം പരീക്ഷകേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷയെഴുതുന്നത്.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കേരളത്തില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞവര്‍ഷം 1,15,959 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതാദ്യമായി മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ നീറ്റ് പരീക്ഷ. സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍,പാലക്കാട്, മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് നഗര കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. അഡ്മിഷന്‍ കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് വിദ്യാര്‍ഥികള്‍ കയ്യില്‍ കരുതണം.
കൊവിഡ് സംബന്ധിച്ച സത്യവാങ്മൂലത്തിനു താഴെ രക്ഷിതാവ് ഒപ്പിടണം. ഹാളില്‍ കയറുന്നതിനു മുന്‍പ് എല്ലാവര്‍ക്കും നല്‍കുന്ന എന്‍.95 മാസ്‌ക് മാത്രമേ ഉപയോഗിക്കാനാകൂ. മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത്, ബാഗുകള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ പരീക്ഷാ ഹാളില്‍ അനുവദിക്കില്ല.
കൊവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി അറിയിച്ച കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നുള്ളവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുന്നുണ്ട്.