തിരുവനന്തപുരത്ത് ശ്രീകാര്യത്ത് 17 വയസുകാരൻ അഭിരാം കൊല്ലപ്പെട്ട കേസിൽ കൂടുതൽ പേർ അറസ്റ്റിലായേക്കുമെന്ന് റിപ്പോർട്ട്. കൊലപാതകത്തിൽ കൂടുതൽ പേരുടെ പങ്കിനെക്കുറിച്ച് അന്വേഷണസംഘം അന്വേഷണം വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതി ഉമറിന്റെ പെൺസുഹൃത്തിന് ഉൾപ്പെടെ കൊലപാതക വിവരത്തെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്നാണ് സൂചന. നിലവിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കൊല്ലപ്പെട്ട അഭിരാമിന്റെ ഫോണും പ്രതികൾ അക്രമത്തിന് ഉപയോഗിച്ച ബെൽറ്റും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഞായറാഴ്ച വൈകീട്ട് വീട്ടിൽ നിന്നിറങ്ങിയ അഭിരാമിനെ അന്നേദിവസം വൈകീട്ട് ആറിനും എട്ടിനുമിടയിലാണ് കൊലപ്പെടുത്തിയത്. കൊലപാതകം നേരിട്ട് നടത്തിയത് പതിനേഴുകാരനായ ഒന്നാം പ്രതിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ വ്യക്തമാക്കി. കാപ്പാ കേസ് പ്രതിയായ ഉമർ മുസ്താറാണ് രണ്ടാം പ്രതി. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്ന് അഭിരാമിനെ മാറി മാറി മർദിക്കുകയും കൈകൊണ്ടും ബെൽറ്റുകൊണ്ടും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിയുടെ (മൂന്നാം പ്രതി) പൂർണ്ണ അറിവോടെയും സാന്നിധ്യത്തിലുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിറ്റി പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണും വസ്ത്രങ്ങളും ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രതികൾ നൽകുന്ന മൊഴികളിൽ വൈരുദ്ധ്യമുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാൻ പ്രതികൾ തന്ത്രപരമായ നിലപാടുകൾ സ്വീകരിക്കുന്നതായും പോലീസ് വ്യക്തമാക്കി.
ശ്രീകാര്യം അഭിരാം കൊലപാതകം: കൂടുതൽ അറസ്റ്റിന് സാധ്യത; അന്വേഷണസംഘം