കണ്ണൂർ : എൻഡിഎയിൽ ചേരാൻ സി.കെ ജാനുവിന് പണം നൽകിയ സംഭവത്തിൽ ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വെട്ടിലാക്കി കൂടുതൽ തെളിവുകൾ. സുരേന്ദ്രനുമായി നടത്തിയ കൂടുതൽ ഫോൺ സംഭാഷണങ്ങൾ ജെആർപി ട്രഷറർ പ്രസീത പുറത്തുവിട്ടു. തിരുവനന്തപുരത്തെ ഹൊറൈസണ്‍ ഹോട്ടലിലെ 503 ആം നമ്പർ മുറിയിലെത്തിയാണ് പണം കൈമാറിയത്. പണം കൈമാറാൻ ഇടനിലക്കാരിയായി പ്രവർത്തിച്ചതെന്ന് പ്രസീത തന്നെയാണെന്ന് ഫോൺ സംഭാഷണങ്ങളിൽ വ്യക്തമാണ്.
ഇക്കഴിഞ്ഞ മാര്‍ച്ച് 6, 7 തീയതികളില്‍ നടന്ന സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. തിരുവനന്തപുരത്ത് വച്ച് മാര്‍ച്ച് 9 നാണ് പണം കൈമാറിയതെന്ന് പ്രസീത നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിവയ്ക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അന്നേദിവസം രാവിലെ പത്തുമണിയോടെ ഹൊറൈസണ്‍ ഹോട്ടലില്‍ സുരേന്ദ്രന് തന്റെ അനുയായിക്കൊപ്പമെത്തി സി.കെ ജാനുവിനെ കണ്ടു എന്നതിന് തെളിവുകളും ഫോണ്‍ സംഭാഷണത്തിലുണ്ട്.