ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ജനകീയ കുറ്റവിചാരണ' (പബ്ലിക് ഇംപീച്ച്‌മെന്റ്) പരിപാടിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഭരണഘടനയുടെ അന്തഃസത്ത ഉൾക്കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായി പ്രവർത്തിച്ചാൽ മാത്രമേ സാധാരണക്കാരന് ഈ സ്ഥാപനത്തിലുള്ള വിശ്വാസം നിലനിൽക്കൂവെന്ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന ചടങ്ങിൽ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഇരുസഭകളിലും ഇംപീച്ച്‌മെന്റ് പ്രമേയത്തിനായുള്ള നോട്ടീസുകൾ തള്ളപ്പെട്ടതിനാലാണ് ഭരണഘടനാ സ്ഥാപനത്തിന്റെ അന്തസ്സ് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇത്തരമൊരു ജനകീയ കുറ്റവിചാരണ സംഘടിപ്പിച്ചത്.
രാജ്യത്തുണ്ടാകുന്ന പ്രതിഷേധങ്ങളെയും അരാജകത്വങ്ങളെയും പ്രതിപക്ഷത്തിന്റെ തലയിൽ കെട്ടിവെക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചതും, മെട്രോ-ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതും, റോഡുകളിൽ ബസുകൾ തടഞ്ഞതുമെല്ലാം സർക്കാരാണ്. സ്വന്തം തെറ്റുകൾ മറച്ചുവെക്കാൻ ശ്രമിക്കുന്ന ഭരണകൂടം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെയും ചെറുപ്പക്കാരെയും ഇളക്കിവിടുകയാണെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടർ പട്ടികയിൽ നിന്ന് മരിച്ചവരുടെ പേരുകൾ നിലനിർത്തണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും, അനധികൃതമായി നീക്കം ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ പുറത്തുവിട്ടാൽ മാത്രമേ നടപടികൾ നിയമപരമാണോ എന്ന് വ്യക്തമാകൂവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ഗ്യാനേഷ് കുമാറിനെപ്പോലുള്ളവർ ഭരണഘടനാ പദവികളിൽ തുടരുന്നത് നിഷ്പക്ഷമായ തിരഞ്ഞെടുപ്പുകൾക്കും ജനാധിപത്യത്തിനും വലിയ ഭീഷണിയാണ്. ഗ്യാനേഷ് കുമാറിന് നൽകിയിട്ടുള്ള പരിരക്ഷ പിൻവലിക്കണമെന്നും, അദ്ദേഹത്തിന്റെ ബന്ധുക്കളും കുടുംബാംഗങ്ങളും ആനുകൂല്യങ്ങളും പാരിതോഷികങ്ങളും കൈപ്പറ്റിയതിലും ഭരണഘടനാ വിരുദ്ധ നടപടികൾ സ്വീകരിച്ചതിലും അന്വേഷണം നടത്തണം. ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്ത് ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും അനധികൃതമായി നീക്കം ചെയ്ത വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സർവശക്തിയുമെടുത്ത് പ്രക്ഷോഭം തുടരുമെന്ന് ഖാർഗെ വ്യക്തമാക്കി.