തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുമെന്ന് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണം. നയപരമായ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഈ മാസം 13ന് വിവിധ യൂണിയനുകളുമായി സി.എം.ഡി ചര്‍ച്ച നടത്തും. 2011ലാണ് അവസാനമായി കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളപരിഷ്കരണം നടന്നത്. അതിന് ശേഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പല തവണ ശമ്പളം വര്‍ധിപ്പിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ആനുകൂല്യമൊന്നും ഉണ്ടായിട്ടില്ല. ജീവനക്കാര്‍ക്കിടയില്‍ കടുത്ത അതൃപ്തി ഉണ്ടായതോടെയാണ് ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തീരുമാനിച്ചത്.