കാലിക്കറ്റിനെ 6 വിക്കറ്റിന് തകര്‍ത്തു; കെസിഎല്ലില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി ഏരീസ് കൊല്ലം സെയിലേഴ്‌സ്
തിരുവനന്തപുരം: കെസിഎല്ലിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ 6 വിക്കറ്റിന് തോല്പിച്ച് ഏരീസ് കൊല്ലം സെയിലേഴ്‌സ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തി. കാലിക്കറ്റ് ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തുകള്‍ ബാക്കിനില്‍ക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ കൊല്ലം മറികടന്നു. ഇതോടെ വ്യാഴാഴ്ച നടക്കുന്ന കാലിക്കറ്റ് - ട്രിവാണ്‍ഡ്രം പോരാട്ടം ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മത്സരമായി മാറി. നിലവില്‍ കൊല്ലത്തിന് ഒന്‍പതും കാലിക്കറ്റിന് എട്ടും പോയിന്റ് വീതമാണുള്ളത്. ട്രിവാണ്‍ഡ്രത്തിനെതിരെ കാലിക്കറ്റ് ജയിച്ചാല്‍ കൊല്ലത്തെ പിന്തള്ളി അവര്‍ സെമിയിലേക്ക് മുന്നേറും. കാലിക്കറ്റ് തോറ്റാല്‍ കൊല്ലത്തിന് സെമിയിലേക്ക് വഴിതുറക്കും.
വിജയം അനിവാര്യമായ മത്സരത്തില്‍ കാലിക്കറ്റിന്റെ തുടക്കം പാളി. ടീമിന്റെ ബാറ്റിങ് കരുത്തായ രോഹന്‍ കുന്നുമ്മല്‍ 12 റണ്‍സുമായി മടങ്ങി. നിലയുറപ്പിക്കും മുന്‍പ് അഖില്‍ സ്‌കറിയയും കെ. എസ്. അരവിന്ദും കൂടി മടങ്ങിയതോടെ തുടക്കത്തില്‍ തന്നെ കാലിക്കറ്റ് പ്രതിരോധത്തിലായി. ഇരുവരെയും മുഹമ്മദ് ഇഷാഖ് ഒരേ ഓവറിലാണ് പുറത്താക്കിയത്. മറുവശത്ത് ഉറച്ചുനിന്ന വരുണ്‍ നായനാര്‍ കൂടി മടങ്ങുമ്പോള്‍ 10.3 ഓവറില്‍ നാല് വിക്കറ്റിന് 65 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ്.
പ്രതിസന്ധി ഘട്ടത്തില്‍ ഒരുമിച്ച സല്‍മാന്‍ നിസാര്‍ - അബ്ദുള്‍ ബാസിദ് സഖ്യം വീണ്ടുമൊരിക്കല്‍ കൂടി കാലിക്കറ്റിന് തുണയായി. വെറും 57 പന്തുകളില്‍ 110 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇരുവരും 32 പന്തുകളില്‍ നിന്നാണ് അര്‍ദ്ധസെഞ്ചുറി പൂര്‍ത്തിയാക്കിയത്. 39 പന്തുകളില്‍ നിന്ന് ഒരു ഫോറും ആറ് സിക്‌സുമടക്കം പുറത്താകാതെ 62 റണ്‍സാണ് അബ്ദുള്‍ ബാസിദ് നേടിയത്. സല്‍മാന്‍ നിസാര്‍ 32 പന്തുകളില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സുമടക്കം 50 റണ്‍സും നേടി പുറത്താകാതെ നിന്നു. വിജയ് വിശ്വനാഥ് എറിഞ്ഞ അവസാന ഓവറില്‍ 21 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. കൊല്ലത്തിനു വേണ്ടി മുഹമ്മദ് ഇഷാഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സെയിലേഴ്‌സിന് രണ്ടാം ഓവറില്‍ തന്നെ അഭിഷേക് ജെ. നായരുടെ വിക്കറ്റ് നഷ്ടമായി. ഇബ്‌നുല്‍ അഫ്താബ് ഉജ്ജ്വലമായൊരു ഇന്‍സ്വിങ്ങറിലൂടെ അഭിഷേകിനെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ കാലിക്കറ്റിന്റെ ബൗളര്‍മാര്‍ സെയിലേഴ്‌സിന്റെ സ്‌കോറിങ് ദുഷ്‌കരമാക്കി. ആറാം ഓവറില്‍ തുടരെ മൂന്ന് പന്തുകള്‍ അതിര്‍ത്തി കടത്തിയ ആനന്ദ് കൃഷ്ണന്‍ അടുത്ത ഓവറില്‍ പുറത്തായി. കാലിക്കറ്റ് പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തില്‍ ഒത്തുചേര്‍ന്ന വത്സല്‍ ഗോവിന്ദും അജിനാസും ചേര്‍ന്നാണ് കളിയുടെ ഗതി മാറ്റിയത്.
തുടക്കം മുതല്‍ മികച്ച ഷോട്ടുകള്‍ പായിച്ച അജിനാസ് സീസണില്‍ ആദ്യമായി തകര്‍പ്പന്‍ ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ കാര്യങ്ങള്‍ കൊല്ലത്തിനായി അനുകൂലമായി. വത്സല്‍ ഗോവിന്ദ് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്ത 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് കൊല്ലത്തിന് വിജയമൊരുക്കിയത്. 34 പന്തുകളില്‍ അഞ്ച് ഫോറും നാല് സിക്‌സുമടക്കം 64 റണ്‍സുമായി അജിനാസ് പുറത്താകാതെ നിന്നു. വത്സല്‍ ഗോവിന്ദ് 42 റണ്‍സെടുത്ത് പുറത്തായി. 16 പന്തുകള്‍ ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ സെയിലേഴ്‌സ് ലക്ഷ്യത്തിലെത്തി. കാലിക്കറ്റിന് വേണ്ടി അഖിന്‍ സത്താര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.