മെക്സിക്കോ സിറ്റി: ഫോര്‍മുല വണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ പുതിയ ചരിത്രം കുറിച്ച് മെഴ്സിഡീസിന്റെ ഇറ്റാലിയന്‍ യുവ ഡ്രൈവര്‍ കിമി ആന്റൊണെല്ലി. സീസണില്‍ നാല് റേസുകള്‍ ബാക്കിനില്‍ക്കെയാണ് താരം ലോക കിരീടത്തില്‍ മുത്തമിട്ടത്. മെക്സിക്കോ സിറ്റി ഗ്രാന്‍പ്രീയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെ ഫോര്‍മുല വണ്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ലോക റെക്കോര്‍ഡ് ഇനി ആന്റൊണെല്ലിക്ക് സ്വന്തം. 20 വര്‍ഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരം ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. 2010-ല്‍ 23 വര്‍ഷവും 134 ദിവസവും പ്രായമുള്ളപ്പോള്‍ ചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റലിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. കൂടാതെ, 1953-ല്‍ ആല്‍ബര്‍ട്ടോ അസ്‌കാരിക്ക് ശേഷം എഫ്1 ലോക കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ ഡ്രൈവറായും ആന്റൊണെല്ലി മാറി.
മെക്സിക്കോ സിറ്റി ഗ്രാന്‍പ്രീയില്‍ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍, പോള്‍ പൊസിഷനില്‍ നിന്ന് റേസ് ആരംഭിച്ച ഫെരാരിയുടെ ലൂയിസ് ഹാമില്‍ട്ടണ്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. 2025-ല്‍ മെഴ്സിഡസിലൂടെ എഫ് വണ്ണില്‍ അരങ്ങേറ്റം കുറിച്ച ആന്റൊണെല്ലിയുടെ രണ്ടാമത്തെ സീസണാണിത്. ഈ സീസണില്‍ മാത്രം ഒന്‍പത് റേസുകളിലാണ് താരം വിജയം വരിച്ചത്. മത്സരത്തില്‍ വലിയ അപകടങ്ങളില്‍പ്പെടാതെ മുന്നേറിയാല്‍ മാത്രം കിരീടം ഉറപ്പിക്കാമെന്ന സൗകര്യപ്രദമായ സ്ഥിതിയിലാണ് താരം ട്രാക്കിലിറങ്ങിയത്.
നാടകീയ സംഭവങ്ങള്‍ നിറഞ്ഞതായിരുന്നു മെക്സിക്കോ സിറ്റിയിലെ മത്സരം. ആദ്യ ഘട്ടത്തില്‍ ലെക്ലെയര്‍, വെസ്റ്റാപ്പന്‍, ഹാമില്‍ട്ടണ്‍ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത് തുടര്‍ന്ന ആന്റൊണെല്ലി, കൃത്യമായ പിറ്റ് സ്റ്റോപ്പുകളിലൂടെ സ്ഥാനം നിലനിര്‍ത്തി. റേസിന്റെ 45-ാം ലാപ്പില്‍ വാല്‍ട്ടേരി ബോട്ടാസിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സേഫ്റ്റി കാര്‍ എത്തുകയും മത്സരം താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തു. തുടര്‍ന്ന് മത്സരം പുനരാരംഭിച്ചപ്പോള്‍ ചാള്‍സ് ലെക്ലെയറിനെ മറികടന്ന് ആന്റൊണെല്ലി മൂന്നാം സ്ഥാനം കൈക്കലാക്കി.
റേസ് അവസാനിക്കാന്‍ 12 ലാപ്പുകള്‍ ബാക്കിനില്‍ക്കെ ആര്‍വിഡ് ലിന്‍ഡ്ബ്ലാഡിന്റെ വാഹനം ഓസ്‌കാര്‍ പിയാസ്ട്രിയുമായി കൂട്ടിയിടിച്ച് വീണ്ടും സേഫ്റ്റി കാര്‍ ട്രാക്കിലെത്തി. ഒടുവില്‍ അവസാന ഏഴ് ലാപ്പുകള്‍ പൂര്‍ത്തിയാക്കി വെസ്റ്റാപ്പനും ഹാമില്‍ട്ടനും തൊട്ടുപിന്നാലെ മൂന്നാമതായി ആന്റൊണെല്ലി ഫിനിഷ് ലൈന്‍ കടന്നതോടെ ഇറ്റാലിയന്‍ താരത്തിന് കിരീടധാരണമായി.
ചരിത്രം തിരുത്തി കിമി ആന്റൊണെല്ലി; ഫോര്‍മുല വണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ
ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനായി മെഴ്‌സിഡീസിന്റെ കിമി ആന്റൊണെല്ലി. മെക്‌സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് 20-കാ