തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നിലവിലുള്ള നിയമങ്ങള്‍ പൊളിച്ചെഴുതി പുതിയ 'അത്ലറ്റ് സെന്‍ട്രിക്' സ്‌പോര്‍ട്‌സ് ബില്ല് കൊണ്ടുവരുമെന്ന് കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് വ്യക്തമാക്കി. സ്‌പോര്‍ട്‌സ് കൗണ്‍സിലും സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും വെവ്വേറെ സംവിധാനങ്ങളായി പ്രവര്‍ത്തിക്കുമ്പോഴുള്ള ഏകോപന പോരായ്മകള്‍ പരിഹരിച്ച് കായികരംഗത്തെ കൂടുതല്‍ പ്രൊഫഷണലൈസ് ചെയ്യാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ 2019-20 വര്‍ഷത്തെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ക്യാഷ് അവാര്‍ഡ് വിതരണവും അനുമോദന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്കുള്ള പാരിതോഷിക തുക 20 ലക്ഷത്തില്‍ നിന്ന് 50 ലക്ഷം രൂപയായി ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതായി മന്ത്രി പറഞ്ഞു. വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 20 ലക്ഷവും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 10 ലക്ഷവും നല്‍കുന്നു. പരിശീലകര്‍ക്ക് 5 ലക്ഷം രൂപയും മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് യാത്രാ സഹായമായി ഒരു ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ പാര വിഭാഗത്തില്‍ പങ്കെടുത്ത കായികതാരങ്ങളെയും ജനറല്‍ വിഭാഗത്തിനൊപ്പം തുല്യമായി പരിഗണിച്ച് സാമ്പത്തിക പാരിതോഷികങ്ങള്‍ നല്‍കും. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി കൊടുക്കാന്‍ ബാക്കിവെച്ചിരുന്ന കുടിശ്ശിക പാരിതോഷികങ്ങളാണ് ഇപ്പോള്‍ കൊടുത്തുതീര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ദേശീയ-അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ മെഡലുകള്‍ നേടിയ 900 കായികതാരങ്ങള്‍ക്ക് 1.50 കോടി രൂപയുടെ പാരിതോഷികം മന്ത്രി വിതരണം ചെയ്തു. പാരാ അത്ലറ്റിക്‌സ് താരം മുഹമ്മദ് ബാസില്‍, പാരാ ബാഡ്മിന്റന്‍ താരം ആല്‍ഫിയ ജെയിംസ്, ചെസ് താരം കല്യാണി സിരിന്‍ എന്നിവര്‍ ചടങ്ങില്‍ പ്രത്യേക ആദരവേറ്റുവാങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പാരിതോഷികങ്ങളും ഏറ്റവും വേഗത്തില്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. നേരിട്ട് കായികതാരങ്ങളുടെ അക്കൗണ്ടുകളിലേക്കാണ് തുക നല്‍കുന്നത്.
ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. പണ്ട് വോളിബോളിലും ഫുട്ബോളിലും മികച്ച ടീമുകള്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും സ്‌പോര്‍ട്‌സ് ടീമുകള്‍ പുനഃസംഘടിപ്പിച്ച് കായികരംഗത്തെ പ്രതാപം വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. ഹരികുമാര്‍, കായിക യുവജനകാര്യ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത്.എന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അഖില്‍. വി. മേനോന്‍, അഡീഷണല്‍ ഡയറക്ടര്‍ ഡോ. പ്രദീപ്. സി.എസ്, അസിസ്റ്റന്റ് സെക്രട്ടറി ബിന്ദുമോള്‍ തോമസ്, ടെക്‌നിക്കല്‍ ഓഫീസര്‍ ഡോ. ബിജിലാല്‍. സി.വി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെ കായിക മേഖലയിൽ വമ്പൻ പൊളിച്ചെഴുത്തിന് സർക്കാർ; പുതിയ 'അത്‌ലറ്റ് സെൻട്രിക്' സ്പോർട്സ് ബില്ല് കൊണ്ടുവരുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്
900 താരങ്ങൾക്ക് 1.50 കോടി രൂപയുടെ ക്യാഷ് അവാർഡ് വിതരണം ചെയ്ത് സർക്കാർ. പാരാ കായികതാരങ്ങൾക്കും ഇനി ജനറൽ വിഭാഗത്തിനൊപ്പം തുല്യ പാരിതോഷികം