കണ്ണൂരിലെ മുൻ നഗരസഭാ കൗൺസിലറും കോൺഗ്രസ് നേതാവുമായ രഞ്ജിത്ത് താളിക്കാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. എസ്.ഐമാരായ രജീവൻ, ബിനു കൃഷ്ണൻ, ഇവർക്കൊപ്പമുണ്ടായിരുന്ന തൻസീർ എന്നിവർക്കെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു രാഷ്ട്രീയ-സാമൂഹിക രംഗത്ത് സജീവമായ രഞ്ജിത്തിന് നേരെ പൊലീസിന്റെ ഭാഗത്തുനിന്ന് അതിക്രമമുണ്ടായത്.
കണ്ണൂർ കവിത തീയേറ്ററിന് സമീപമുള്ള തട്ടുകടയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന രഞ്ജിത്തിനെ വാഹനത്തിലെത്തിയ പൊലീസുകാർ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിലുണ്ടായ വാക്കേറ്റം ഒടുവിൽ മർദ്ദനത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസിന്റെ അക്രമത്തിൽ പരിക്കേറ്റ രഞ്ജിത്ത് നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസുകാർക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.