ഇൻസ്റ്റഗ്രാമിൽ റീൽസുകൾക്ക് പിന്നാലെ ദൈർഘ്യമേറിയ വീഡിയോകൾക്കും കൂടുതൽ പ്രാധാന്യം നൽകാൻ ഒരുങ്ങുകയാണ് മെറ്റ. 90 മിനിറ്റ് വരെ ദൈർഘ്യമുള്ള പോഡ്കാസ്റ്റുകൾ, കോമഡി ഷോകൾ, അഭിമുഖങ്ങൾ തുടങ്ങിയവ പ്ലാറ്റ്‌ഫോമിൽ തന്നെ കാണാൻ സഹായിക്കുന്ന 'ഫീച്ചേഴ്സ്' (Features) എന്ന പുതിയ സംവിധാനമാണ് ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നത്. ബ്രസീലിലും അമേരിക്കയിലെ തിരഞ്ഞെടുത്ത കണ്ടന്റ് ക്രിയേറ്റർമാർക്കിടയിലും ആരംഭിച്ച ഈ പരീക്ഷണം കൂടുതൽ ക്രിയേറ്റർമാരിലേക്ക് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
ഹ്രസ്വ വീഡിയോകളെയും ദൈർഘ്യമേറിയ വീഡിയോകളെയും പരസ്പരം ബന്ധിപ്പിക്കാനാകും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന പ്രത്യേകത. ഒരു പോഡ്കാസ്റ്റിന്റെയോ അഭിമുഖത്തിന്റെയോ രസകരമായ ഭാഗം റീൽസായി കാണുന്നവർക്ക് താൽപര്യമുണ്ടെങ്കിൽ, ഇൻസ്റ്റഗ്രാമിൽ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് മാറാതെ തന്നെ മുഴുവൻ എപ്പിസോഡിലേക്കും കടക്കാൻ സാധിക്കും. കൂടാതെ എക്സ്പ്ലോർ (Explore) ടാബ് വഴി ഫോളോ ചെയ്യാത്ത അക്കൗണ്ടുകളുടെ ഇത്തരം ദൈർഘ്യമേറിയ വീഡിയോകളും ഉപയോക്താക്കൾക്ക് കണ്ടെത്താനാകും.
പോഡ്കാസ്റ്റർമാർക്കും കോമഡി താരങ്ങൾക്കും അഭിമുഖങ്ങൾ നടത്തുന്നവർക്കുമാണ് ഇതിന്റെ പരമാവധി പ്രയോജനം ലഭിക്കുക. നിലവിൽ ഹ്രസ്വ വീഡിയോകൾക്ക് വലിയ പ്രചാരമുള്ള സാഹചര്യത്തിൽ, റീൽസുകളിലൂടെ പ്രേക്ഷകരെ ആകർഷിച്ച് അവരെ മുഴുവൻ പരിപാടിയിലേക്ക് എത്തിക്കാനാണ് ഇൻസ്റ്റഗ്രാം ശ്രമിക്കുന്നത്. ആദ്യഘട്ടത്തിൽ മൊബൈൽ ആപ്പിൽ ലഭ്യമാകുന്ന ഈ സൗകര്യം ഭാവിയിൽ ടെലിവിഷൻ സ്ക്രീനുകളിലേക്കും വ്യാപിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്.
ദൈർഘ്യമേറിയ വീഡിയോകൾക്ക് പുറമെ 'സീരീസ്' (Series) എന്ന മറ്റൊരു സംവിധാനവും ഇൻസ്റ്റഗ്രാം പരീക്ഷിക്കുന്നുണ്ട്. ഒരു ക്രിയേറ്ററുടെ തുടർച്ചയായ എപ്പിസോഡുകളുള്ള റീൽസുകൾ പ്രത്യേകം ക്രമീകരിച്ച് പ്രൊഫൈലിൽ ലഭ്യമാക്കുന്നത് മൈക്രോഡ്രാമ നിർമാതാക്കൾക്കും ഉപകാരപ്പെടും. ഒപ്പം, ഫോളോ ചെയ്യാത്തവരുടെ ലൈവ് സ്ട്രീമുകൾ റീൽസ് ടാബിൽ ശുപാർശ ചെയ്യുന്ന പരീക്ഷണവും ഇന്തോനേഷ്യയിലും ബ്രസീലിലും പുരോഗമിക്കുന്നു. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചറുകൾ അടുത്ത ഘട്ടമായി വിപുലീകരിച്ച് വൈകാതെ തന്നെ സാധാരണ ഉപയോക്താക്കൾക്കും ലഭ്യമാകും.
യൂട്യൂബിന് പണിയാൻ മെറ്റ; ഇൻസ്റ്റഗ്രാമിൽ ഇനി 90 മിനിറ്റ് വരെയുള്ള ദൈർഘ്യമേറിയ വീഡിയോകളും കാണാം