ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ കൗമാരപ്പട പാകിസ്ഥാനെ തകർത്തതിന്റെ ആവേശം കെട്ടടങ്ങും മുൻപേ, ഫുട്ബോൾ മൈതാനത്തും പാകിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യയ്ക്ക് കിരീട നേട്ടം. ആവേശകരമായ സാഫ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ പത്താം സാഫ് കിരീടത്തിൽ മുത്തമിട്ടു. അണ്ടർ 23 യുവതാരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഈ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കത്തിൽ ലീഡ് വഴങ്ങിയെങ്കിലും, തളരാതെ പൊരുതിയ ഇന്ത്യൻ നിര രണ്ട് ഗോളുകൾ തിരിച്ചടിച്ച് ത്രില്ലർ വിജയം ഉറപ്പിക്കുകയായിരുന്നു.
ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, മധ്യനിര താരം ആലംഗിർ ഗാസിയിലൂടെ പാകിസ്ഥാൻ മത്സരത്തിൽ മുന്നിലെത്തി. ഇതോടെ ആദ്യ പകുതിക്ക് പിരിയുമ്പോൾ പാകിസ്ഥാൻ 1-0ന് മുന്നിട്ടുനിന്നു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ സമനില ഗോളിനായി ഇന്ത്യ ആക്രമണം ശക്തമാക്കി. 59-ാം മിനിറ്റിലാണ് മത്സരത്തിന്റെ ഗതി മാറ്റിയ സംഭവങ്ങൾ അരങ്ങേറിയത്. ഇന്ത്യൻ താരത്തിനെതിരെ പാക് പ്രതിരോധ താരം ജുനൈദ് ഷാ നടത്തിയ ഫൗൾ വാർ പരിശോധനയ്ക്ക് വിധേയമാക്കുകയും, തുടർന്ന് താരത്തിന് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വരികയും ചെയ്തു. ഇതോടെ പാകിസ്ഥാൻ പത്ത് പേരായി ചുരുങ്ങി. ഈ ഫൗളിനെത്തുടർന്ന് ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്കിൽ നിന്നാണ് സമനില ഗോൾ പിറന്നത്. വലതു വിങ്ങിൽ നിന്ന് വന്ന കൃത്യമായ ക്രോസിനെ സുഹൈൽ അഹമ്മദ് ഭട്ട് മനോഹരമായി വലയിലാക്കിയതോടെ സ്കോർ 1-1 എന്ന നിലയിലായി.
സമനില പിടിച്ചതോടെ വർധിത വീര്യത്തോടെ പൊരുതിയ ഇന്ത്യ, പത്ത് പേരായി ചുരുങ്ങിയ പാകിസ്ഥാന്റെ ക്ഷീണം കൃത്യമായി മുതലെടുത്തു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ കളിയുടെ 88-ാം മിനിറ്റിൽ ഇന്ത്യയുടെ വിജയഗോൾ പിറന്നു. വലതു കോർണറിൽ നിന്ന് ലഭിച്ച പന്തിൽ പ്രതിരോധ താരം സന്ദീപ് മന്ദി തൊടുത്ത തകർപ്പൻ ഹെഡ്ഡർ പാക് ഗോൾവല കുലുക്കിയതോടെ ഇന്ത്യയ്ക്ക് അവിസ്മരണീയമായ കിരീട വിജയം സ്വന്തമായി.
ക്രിക്കറ്റിന് പിന്നാലെ ഫുട്ബോളിലും ആധിപത്യം സ്ഥാപിച്ച് ഇന്ത്യ ; ഫൈനലിൽ പാകിസ്ഥാനെ 2-1ന് തകർത്ത് സാഫ് കപ്പ് സ്വന്തമാക്കി