ബ്യൂനസ് അയേഴ്‌സ്: ഇതിഹാസ താരം ലയണൽ മെസിയില്ലാതെ കളത്തിലിറങ്ങിയ അർജന്റീനയ്ക്ക് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ വിജയം. ഏകപക്ഷീയമായ ഏഴ് ഗോളുകൾക്കാണ് അർജന്റീന കോസ്റ്റാറിക്കയെ തരിപ്പണമാക്കിയത്. മത്സരത്തിൽ മൂന്ന് അർജന്റീന താരങ്ങൾ ഇരട്ടഗോളുകൾ നേടി തിളങ്ങി.
നിക്കോ പാസ്, ജൂലിയൻ അൽവാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവരാണ് അർജന്റീനയ്ക്കായി രണ്ട് ഗോളുകൾ വീതം നേടിയത്. അലക്സിസ് മാക് അലിസ്റ്ററാണ് അവശേഷിച്ച ഒരു ഗോൾ വലയിലാക്കിയത്. കളിയുടെ എട്ടാം മിനിറ്റിൽ മെസിയുടെ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞെത്തിയ നിക്കോ പാസിലൂടെയായിരുന്നു അർജന്റീനയുടെ ഗോളടിമേളയ്ക്ക് തുടക്കമായത്. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ കോസ്റ്റാറിക്കൻ വലയിൽ അടിച്ചുകയറ്റാൻ നീലപ്പടയ്ക്ക് സാധിച്ചു. 35, 43 മിനിറ്റുകളിൽ അൽവാരസും, 38-ാം മിനിറ്റിൽ നിക്കോ പാസും ആദ്യ പകുതിയിലെ മറ്റ് ഗോളുകൾ സ്വന്തമാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ, 48-ാം മിനിറ്റിൽ ഫ്രാങ്കോ മസ്റ്റാന്റുവാനോയിലൂടെ അർജന്റീന അഞ്ചാം ഗോൾ കണ്ടെത്തി. 78-ാം മിനിറ്റിൽ മാക് അലിസ്റ്ററും ലക്ഷ്യം കണ്ടതോടെ സ്കോർ 6-0 ആയി. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ മസ്റ്റാന്റുവാനോ തന്റെ രണ്ടാം ഗോളും അർജന്റീനയുടെ ഏഴാം ഗോളും പൂർത്തിയാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ബ്യൂനസ് അയേഴ്‌സിൽ നടന്ന സൗഹൃദ മത്സരത്തിൽ ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ടതിന്റെ ക്ഷീണം തീർക്കുന്നതായിരുന്നു അർജന്റീനയുടെ ഈ മിന്നും ജയം. മറ്റൊരു സൗഹൃദ മത്സരത്തിൽ ഇക്വഡോറിനോട് 2-0ന് തോറ്റതിന് പിന്നാലെയാണ് കോസ്റ്റാറിക്ക അർജന്റീനയ്ക്ക് മുന്നിലും തകർന്നടിഞ്ഞത്. ഒക്ടോബർ 16-ന് ക്ലബ്ബ് മത്സരത്തിനിടെ പരിക്കേറ്റ് താടിയെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് ഈ മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തി എന്നതും ആരാധകർക്ക് ആവേശമായി.
മെസിയുടെ പത്താം നമ്പർ ജേഴ്സിയിൽ തിളങ്ങി നിക്കോ പാസ്; യുവതാരങ്ങളുടെ കരുത്തിൽ കോസ്റ്റാറിക്കയെ തരിപ്പണമാക്കി അർജന്റീന