റിയാദ്: സൗദി അറേബ്യയിലെ പ്രധാന എണ്ണ കേന്ദ്രങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഹൂതി വിമതരുടെ ആക്രമണം ശക്തമാകുന്നു. റിയാദ്, മക്ക ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ തായിഫ്, യാന്‍ബു എന്നീ നഗരങ്ങളിലേക്ക് തൊടുത്ത രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ സൗദി സഖ്യസേന വിജയകരമായി തകര്‍ത്തു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെ ആക്രമണം നടത്തിയതായി ഹൂതികള്‍ അവകാശപ്പെട്ടിട്ടുണ്ട്. ഈ മാസം 10-ന് കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗള്‍ഫ് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലുള്ള മലയാളി പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് എന്നിവയുമായി ഏകോപിച്ചാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. സഹായങ്ങള്‍ക്കായി 011-23747079 എന്ന ഫോണ്‍ നമ്പറിലും 9310443880 എന്ന വാട്‌സ്ആപ്പ് നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗദിയില്‍ വീണ്ടും ഹൂതി മിസൈല്‍ ആക്രമണം: ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു