തൃശൂർ : കുഴൽപ്പണക്കേസിനെ ചൊല്ലി തൃശൂർ ജില്ലാ ബിജെപിയിൽ കലഹം മൂർച്ഛിക്കുന്നു. ജില്ലാ ജനറൽ സെക്രട്ടറി വധഭീഷണി മുഴക്കിയെന്ന് ഒ.ബി.സി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പു പരാതി നൽകി. അതേസമയം ഋഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു.
കുഴൽപ്പണക്കേസിൽ ആരോപണ നിഴലിൽ നിൽക്കുന്ന ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് ഋഷി പൽപ്പു ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ജില്ലാ നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതിനെ ചൊല്ലി ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ ഹരി വധഭീഷണി മുഴക്കിയെന്നാണ് ഒ.ബി.സി മോർച്ച ഉപാധ്യക്ഷൻ ഋഷി പൽപ്പുവിന്റെ പരാതി. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് കെ.ആർ ഹരിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
വധഭീഷണിയിൽ തൃശൂർ വെസ്റ്റ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
അതേസമയം ഋഷി പൽപ്പുവിനെ 6 വർഷത്തേക്ക് സസ്പെൻഡ് ചെയ്തെന്ന് ബിജെപി നേതൃത്വം അറിയിച്ചു. സസ്പെൻഷനെ തുടർന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നു. എന്തായാലും കുഴൽപ്പണ കേസ് തൃശൂർ ജില്ലയിലെ ബിജെപിയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേസിനെ ചൊല്ലി വാടാനപ്പിള്ളിയിൽ ഇന്നലെ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഒരാൾക്ക് കുത്തേൽക്കുകയും ചെയ്തു. ഈ കേസിൽ നാല് ബിജെപി പ്രവർത്തകർ ഇന്ന് അറസ്റ്റിലായിട്ടുണ്ട്.