തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച അയ്യായിരത്തോളം കോടി രൂപയിൽ 1030 കോടി രൂപ ചെലവാക്കാതെ സർക്കാർ. കൊവിഡ് മഹാമാരിക്കിടയില്‍ പ്രളയദുരിതം മറന്നെന്നാണ് ഉയരുന്ന ആക്ഷേപം. സെക്രട്ടേറിയറ്റിനടുത്തുള്ള എസ്.ബി.ഐ ബാങ്കിൽ പ്രത്യേക അക്കൗണ്ടിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. ധനവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാണ് അക്കൗണ്ടിന്റെ ഉടമ. അദ്ദേഹമാണ് ചെക്ക് ഒപ്പിട്ട് പണം നൽകുന്നത്. റവന്യൂവകുപ്പിൽ നിന്ന് ഉത്തരവില്ലാതെ ചെക്ക് ഒപ്പിടാനാവില്ല.
2018ലും 2019ലും സാലറിചലഞ്ചായി ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും സഹായനിധിയിലേക്കായി പണം പിരിച്ചിരുന്നു. ഇതിനുപുറമേ നാട്ടുകാരും കോർപറേറ്റുകളും സഹായിച്ചു. മദ്യത്തിന്റെ സെസും ഉത്സവബത്തയും പ്രളയസഹായത്തിന് വകമാറ്റി.
ഇത്തരത്തില്‍ ആകെ 4912.45 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ കഴിഞ്ഞ വർഷം മാർച്ച് വരെ ചെലവാക്കിയത് 3881.94 കോടി രൂപ. പിന്നീട് അനക്കമില്ല. 1030.51കോടി ചെലവാക്കാത്തതിന് ഒരു ന്യായീകരണവും സർക്കാരിന് പറയാനില്ല. ജനങ്ങളെല്ലാം പ്രളയത്തില്‍ നിന്നും കരകയറിയതുകൊണ്ടാണോതുക ചെലവഴിക്കാത്തതെന്നും വിമർശനം ഉയരുന്നുണ്ട്.