സബ്‌സിഡി നിരക്കിൽ രാസവളം ലഭിക്കുന്നതിന് 'ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ' (എഫ്.എഫ്.എസ്.) ആപ്പ് നിർബന്ധമാക്കുന്നു. സംസ്ഥാനത്ത് പാലക്കാട്, ആലപ്പുഴ ജില്ലകളിൽ ജൂണിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം ഡിസംബർ 15 മുതൽ സംസ്ഥാനത്താകെ പൂർണമായി നടപ്പാക്കും. ഈ തീയതിക്ക് ശേഷം ആപ്പിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്ക് വിലയിളവോടെ രാസവളം ലഭിക്കില്ല.
സബ്‌സിഡി വളം വിൽപ്പന കാര്യക്ഷമമാക്കുന്നതിനായി കേന്ദ്ര രാസവസ്തു രാസവള മന്ത്രാലയവും കർഷകക്ഷേമ മന്ത്രാലയവും ചേർന്ന് വികസിപ്പിച്ചെടുത്ത ഡിജിറ്റൽ ബുക്കിങ്, വിതരണ സംവിധാനമാണ് എഫ്.എഫ്.എസ്.
എഫ്.എഫ്.എസ്. ആപ്പിലേക്ക് കടക്കുന്നതിന് മുൻപ് കർഷകർ 'അഗ്രിസ്റ്റാക്ക്' വെബ്‌സൈറ്റിൽ വ്യക്തിഗത വിവരങ്ങളും ഭൂമിയുടെ വിശദാംശങ്ങളും നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. https://klfr.agristack.gov.in എന്ന വെബ് വിലാസത്തിൽ ആധാർ നമ്പർ നൽകി രജിസ്റ്റർ ചെയ്യുമ്പോൾ വ്യക്തിഗത വിവരങ്ങൾ ഫോട്ടോ സഹിതം ലഭ്യമാകും. തുടർന്ന് കരം രസീതിലെ വിവരങ്ങൾക്കനുസരിച്ച് കൃഷിഭൂമിയുടെ ബ്ലോക്ക് നമ്പർ, തണ്ടപ്പേർ നമ്പർ, സർവേ നമ്പർ എന്നിവ ചേർക്കണം.
വില്ലേജ് ഓഫീസർ ഓൺലൈനായി അംഗീകരിക്കുന്നതോടെ അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയാകും. സ്വന്തമായി മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് രജിസ്ട്രേഷൻ നടത്താൻ പ്രയാസമുള്ള കർഷകർക്ക് ആധാർ കാർഡും കരം രസീറ്റുമായി കൃഷിഭവനിൽ എത്താം. അക്ഷയ കേന്ദ്രങ്ങൾ, സി.എസ്.സി. ഓഫീസുകൾ എന്നിവ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
അഗ്രിസ്റ്റാക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കിയവർക്ക് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എഫ്.എഫ്.എസ്. ആപ്പ് ഡൗൺലോഡ് ചെയ്യാം. അംഗീകൃത വെബ് പോർട്ടലുകൾ വഴിയും അക്ഷയ, സി.എസ്.സി. കേന്ദ്രങ്ങൾ വഴിയും ഈ സംവിധാനത്തിലേക്ക് പ്രവേശിക്കാം. അഗ്രിസ്റ്റാക്കിൽ രേഖപ്പെടുത്തിയ ഭൂമിയുടെയും കൃഷിയുടെയും വിവരങ്ങൾ ആപ്പിൽ കാണാനാകും. ആവശ്യമായ വളത്തിന്റെ അളവ് നൽകുമ്പോൾ സമീപത്തെ വിൽപ്പനകേന്ദ്രം തിരഞ്ഞെടുക്കാനുള്ള നിർദേശം ലഭിക്കും. അനുയോജ്യമായ കട തിരഞ്ഞെടുക്കുമ്പോൾ ക്യൂആർ കോഡോ ടോക്കണോ ലഭിക്കും; മൂന്ന് ദിവസത്തിനുള്ളിൽ കടയിലെത്തി വളം വാങ്ങാം.
ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന 45 കിലോയുടെ ഒരു ചാക്ക് യൂറിയയ്ക്ക് ഒക്ടോബറിൽ 3,000 രൂപ വില വന്നിരുന്നു. എന്നാൽ 266.50 രൂപയ്ക്കാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്; അതായത് 2,733.50 രൂപയാണ് സബ്‌സിഡി. പ്ലൈവുഡ് ഫാക്ടറികളിൽ പശ നിർമ്മാണത്തിനും കന്നുകാലി തീറ്റയ്ക്കും കൂട്ടുവളക്കമ്പനികൾക്ക് മണ്ണ് ചേർത്ത് ഉയർന്ന വിലയ്ക്ക് വിൽക്കുന്നതിനുമായി വൻതോതിൽ യൂറിയ വഴിമാറ്റി ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ട്. ഇതുമൂലം കർഷകർക്ക് ആവശ്യത്തിന് വളം കിട്ടാത്ത സാഹചര്യം ഉണ്ടായിരുന്നു. ആപ്പ് വഴി മാത്രം വിതരണം ഏർപ്പെടുത്തുന്നതോടെ അനധികൃത ഇടപാടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സബ്‌സിഡി വളത്തിന് ഡിസംബർ 15 മുതൽ എഫ്.എഫ്.എസ്. ആപ്പ് നിർബന്ധം; രജിസ്റ്റർ ചെയ്യാത്തവർക്ക് വിലയിളവ് ലഭിക്കില്ല