അഹമ്മദാബാദ്: ഗുജറാത്തിൽ പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്). സംഭവവുമായി ബന്ധപ്പെട്ട് അസം കരിംഗഞ്ച് സ്വദേശിയായ മുഹമ്മദ് സഹറുൾ ഇസ്ലാം (22) എന്നയാളെ വഡോദരയിൽ നിന്ന് പിടികൂടി. വഡോദരയിലെ വ്യോമസേനാ താവളത്തിന് നേരെ ഒറ്റയ്ക്ക് ആക്രമണം (ലോൺ-വുൾഫ് അറ്റാക്ക്) നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് എ.ടി.എസ് ഡി.ഐ.ജി സുനിൽ ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
വ്യോമസേനാ താവളത്തിൽ നിരീക്ഷണം നടത്തിയ പ്രതി മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രങ്ങൾ പകർത്തിയിരുന്നു. പാക്കിസ്ഥാനിലുള്ള ഭീകരസംഘടനാ നേതാക്കളിൽ നിന്നാണ് ഇയാൾക്ക് നിർദ്ദേശങ്ങൾ ലഭിച്ചിരുന്നത്. ആക്രമണം നടത്തിയ ശേഷം പാക്കിസ്ഥാനിലേക്ക് കടക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇയാളിൽ നിന്ന് ഒരു എ.കെ-47 തോക്ക്, 23 തിരകൾ, രണ്ട് കാലി തിരകൾ, ജെയ്‌ഷെ മുഹമ്മദ് പതാക, മൊബൈൽ ഫോണുകൾ, സിം കാർഡുകൾ എന്നിവ കണ്ടെടുത്തു.
കഴിഞ്ഞ ഒരു വർഷമായി ജെയ്‌ഷെ മുഹമ്മദ് നേതാക്കളുമായി പ്രതി നിരന്തരം ബന്ധപ്പെട്ടിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും ഗുജറാത്ത് എ.ടി.എസും കഴിഞ്ഞ ആറ് മാസമായി ഇയാളെ കർശന നിരീക്ഷണത്തിലാക്കിയിരുന്നു. ആക്രമണം നടപ്പാക്കാനായി ഇയാൾ ഗുജറാത്തിലേക്ക് തിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നവംബർ 23-നാണ് ഓപ്പറേഷൻ അന്തിമഘട്ടത്തിലേക്ക് കടന്നത്. സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിക്കാനായി അസമിൽ നിന്ന് നേരിട്ടുള്ള യാത്ര ഒഴിവാക്കി, വിവിധ ട്രെയിനുകളിലും ബസുകളിലുമായി വളഞ്ഞ വഴിയിലൂടെയാണ് ഇയാൾ ഗുജറാത്തിൽ എത്തിയത്.
പ്രതി മുൻപും വഡോദരയിൽ എത്തി തന്ത്രപ്രധാന കേന്ദ്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പിടിച്ചെടുത്ത എ.കെ-47 തോക്ക് പാക്കിസ്ഥാനിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ട തീവ്രവാദ ലഘുലേഖകളും ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. ഇയാൾക്ക് പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ആയുധം എത്തിയ വഴികളെക്കുറിച്ചും എ.ടി.എസ് വിശദമായി അന്വേഷിച്ചുവരികയാണ്.
നേരത്തെ ജൂലൈ മാസത്തിലും വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ എട്ട് ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരെ ഗുജറാത്ത് എ.ടി.എസ് പിടികൂടിയിരുന്നു. ബനസ്കന്ത സ്വദേശികളായ അഹമ്മദ് അബ്ദുള്ള ഗാജി വാല (19), മുദസ്സിർ അബ്ദുള്ള ഗാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസൈൻ ഗാഗ (30), പത്താൻ ജില്ലക്കാരായ സക്കറിയ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (21), മുഫ്തി ഫൗജൻ ഇസ്മായിൽ ദൗവ (40), മുഹമ്മദ് അമിൻ ഷേര (21), നവസാരി സ്വദേശി മുഹമ്മദ് അബ്ദുൾ റഹ്മാൻ സാവ്ദി (22), മധ്യപ്രദേശ് സ്വദേശി ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഗാഗ (18) എന്നിവരാണ് അന്ന് പിടിയിലായത്. പത്താനിലെയും നവസാരിയിലെയും മദ്രസകൾ കേന്ദ്രീകരിച്ച് യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ലോജിസ്റ്റിക് സഹായങ്ങൾ നൽകാനും ഇവർ ശ്രമിച്ചിരുന്നതായി സുരക്ഷാ ഏജൻസികൾ കണ്ടെത്തിയിരുന്നു.
വഡോദര വ്യോമസേനാ താവളം ആക്രമിക്കാൻ ജെയ്‌ഷെ മുഹമ്മദ് പദ്ധതി: വൻ ഭീകരാക്രമണ നീക്കം തകർത്ത് ഗുജറാത്ത് എ.ടി.എസ്