ഗോവ: 57-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.ഐ.) ഭാഗമായി സംഘടിപ്പിച്ച WIF India × Google Flow Filmathon 2026-ൽ സിൽവർ പുരസ്‌കാരവും രണ്ടാം സമ്മാനമായ എട്ടു ലക്ഷം രൂപയും സ്വന്തമാക്കി മലയാളി ചലച്ചിത്രകാരനും പരസ്യരംഗത്തെ ക്രിയേറ്റീവ് ലീഡറുമായ ശ്യാം മനോഹർ. പൂർണ്ണമായും തമിഴിൽ നിർമ്മിച്ച നാലുമിനിറ്റ് ദൈർഘ്യമുള്ള 'കുഴി' (KULI) എന്ന എ.ഐ. ഹ്രസ്വചിത്രമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്.
ഒരു ഗ്രാമത്തിൽ ഒരാൾ കുഴിയെടുക്കാൻ തുടങ്ങുന്നതും, എന്തിനാണ് കുഴിയെടുക്കുന്നതെന്ന് അയാൾ ആരോടും വെളിപ്പെടുത്താത്തതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അധികം വൈകാതെ ഗ്രാമത്തിലുള്ള ഓരോരുത്തരും അതിന് സ്വന്തമായി ഓരോ കാരണങ്ങൾ കണ്ടെത്തുന്നതും അഭ്യൂഹങ്ങൾ രൂപപ്പെടുന്നതുമാണ് രസകരമായ ആക്ഷേപഹാസ്യത്തിലൂടെ 'കുഴി' അവതരിപ്പിക്കുന്നത്.
ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ശ്യാം മനോഹറിന് പുരസ്‌കാരം സമ്മാനിച്ചു. WIF ഇന്ത്യ സ്ഥാപകയും സി.ഇ.ഒയും ഓസ്‌കർ പുരസ്‌കാര ജേതാവായ നിർമ്മാതാവുമായ ഗുനീത് മോംഗ കപൂർ, സംവിധായകൻ അശുതോഷ് ഗോവാരിക്കർ, ഗൂഗിൾ ടെക്‌നോളജി ആൻഡ് സൊസൈറ്റി ഡയറക്ടർ ഡോ. ആരതി സേതുമാധവൻ, ഗൂഗിൾ എൻവിഷനിങ് സ്റ്റുഡിയോ ഗ്ലോബൽ ലീഡ് പ്രശാന്ത് പോളോസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ദീപു അന്തിക്കാടാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പാർട്ണർ. ആർക്കും സത്യമറിയില്ലെങ്കിലും എല്ലാവർക്കും പറയാൻ ഓരോ കഥകളുണ്ടാകുന്ന രീതിയിലാണ് മിക്ക അഭ്യൂഹങ്ങളും രൂപപ്പെടുന്നതെന്നും, ഈ ചെറിയ ആശയം നർമ്മത്തിലൂടെ അവതരിപ്പിച്ചപ്പോൾ ജൂറിയുമായും പ്രേക്ഷകരുമായും സംവദിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും ശ്യാം മനോഹർ പ്രതികരിച്ചു. പുതിയ പരീക്ഷണങ്ങൾക്ക് അവസരം നൽകിയ WIF ഇന്ത്യയോടും ഗൂഗിളിനോടും അദ്ദേഹം നന്ദി അറിയിച്ചു.
ഇടുക്കി സ്വദേശിയായ ശ്യാം മനോഹർ, ദുബായിലും ബെംഗളൂരുവിലും ഓഫീസുകളുള്ള സുത്ര കമ്മ്യൂണിക്കേഷൻസിന്റെ സഹസ്ഥാപകനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടായി പരസ്യരംഗത്ത് സജീവമായ അദ്ദേഹം 300-ലേറെ ടെലിവിഷൻ പരസ്യചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദേശീയ, രാജ്യാന്തര ചലച്ചിത്രമേളകളിലായി 25-ലേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള അദ്ദേഹത്തിന്റെ 'ബ്ലൂ ബുദ്ധ', AI Film Festival Bali 2026-ൽ മികച്ച എ.ഐ. ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ട 'ദ മാൻ ഹു സോൾഡ് ഹിസ് മെമ്മറീസ്' എന്നിവയും ഏറെ ശ്രദ്ധേയമാണ്.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളി തിളക്കം: എ.ഐ. ഹ്രസ്വചിത്രത്തിലൂടെ എട്ടു ലക്ഷം രൂപയുടെ പുരസ്‌കാരം നേടി ശ്യാം മനോഹർ