ഇന്ത്യക്ക് കനത്ത തിരിച്ചടി; കണങ്കാലിന് പരിക്ക്; നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി
ന്യൂഡല്‍ഹി: പരിക്കിനെ തുടര്‍ന്ന് 2026 ഏഷ്യന്‍ ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ ജാവലിന്‍ ത്രോ താരവും ഒളിമ്പിക്‌സ് ചാമ്പ്യനുമായ നീരജ് ചോപ്ര പിന്മാറി. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ നടപ്പുസീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങളില്‍ നിന്നും താരം വിട്ടുനില്‍ക്കും. സോഷ്യല്‍ മീഡിയയിലൂടെ നീരജ് ചോപ്ര തന്നെയാണ് ഈ വിവരം പങ്കുവെച്ചത്. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷയായിരുന്ന നീരജിന്റെ പിന്മാറ്റം രാജ്യത്തിത്തിന് വലിയ തിരിച്ചടിയാണ്.
നീണ്ട നാളത്തെ കഠിനാധ്വാനത്തിന് ശേഷം മികച്ച ഫോമിലേക്ക് ഉയര്‍ന്ന സമയത്താണ് അപ്രതീക്ഷിതമായി പരിക്കേറ്റതെന്ന് നീരജ് വ്യക്തമാക്കി. ഡോക്ടര്‍മാരുമായും ടീം മാനേജ്മെന്റുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സീസണിലെ ബാക്കി മത്സരങ്ങളില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്. ആഗ്രഹിച്ച രീതിയില്‍ പ്രകടനം പുറത്തെടുക്കാന്‍ തുടങ്ങിയ ഘട്ടത്തിലെ ഈ പിന്മാറ്റം നിരാശാജനകമാണെങ്കിലും, കായിക ജീവിതത്തില്‍ തിരിച്ചടികള്‍ സഹജമാണെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചെത്തുകയാണ് ഇനി ലക്ഷ്യമെന്നും താരം കുറിച്ചു.
ലുസെയ്ന്‍ ഡയമണ്ട് ലീഗില്‍ 88.05 മീറ്റര്‍ ദൂരം എറിഞ്ഞ് നീരജ് സീസണിലെ തന്റെ മികച്ച പ്രകടനത്തോടെ വെള്ളി മെഡല്‍ കരസ്ഥമാക്കിയിരുന്നു. 88.14 മീറ്റര്‍ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് പതിരംഗയ്ക്കായിരുന്നു ഇവിടെ സ്വര്‍ണം. ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യനായ നീരജ്, കഴിഞ്ഞ തവണ ചൈനയിലെ ഹാങ്ചൗവില്‍ 88.88 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. ടോക്കിയോ ഒളിമ്പിക്‌സിലെ സുവര്‍ണ നേട്ടത്തിന് പുറമേ പാരീസ് ഒളിമ്പിക്‌സില്‍ വെള്ളി മെഡലും സ്വന്തമാക്കിയ നീരജ് ചോപ്രയുടെ അഭാവം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പട്ടികയെ വലിയ രീതിയില്‍ ബാധിച്ചേക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.