ന്യൂഡൽഹി: വോട്ടർപ്പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം ശക്തിപ്പെടുന്നു. എ.ഐ.വൈ.എഫ്. (AIYF), എ.ഐ.എസ്.എഫ്. (AISF) എന്നീ ഇടതുപക്ഷ വിദ്യാർത്ഥി യുവജന സംഘടനകളുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് മിന്നൽ സമരം നടത്തി. പ്രതിഷേധക്കാരെ റാപ്പിഡ് ആക്ഷൻ ഫോഴ്സും (RAF) പോലീസും ചേർന്ന് തടഞ്ഞതോടെ സൻസദ് മാർഗിലും കൊണാട്ട് പ്ലേസിലും ജന്തർമന്തറിന് പരിസരത്തും റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ സമരം തുടർന്നു.
സൻസദ് മാർഗിൽ വെച്ച് ബാരിക്കേഡുകൾ മറിച്ചിട്ട് ജന്തർമന്തറിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടയുകയും ബലപ്രയോഗത്തിലൂടെ വാഹനങ്ങളിൽ വലിച്ചിഴച്ച് കയറ്റുകയും ചെയ്തു. ഇതിനിടയിൽ എൻ.എസ്.യു.ഐ. (NSUI) പ്രവർത്തകരും കൊണാട്ട് പ്ലേസിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തി. ജന്തർമന്ദർ സമരങ്ങൾക്കായി തുറന്നുനൽകണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ടുവെക്കുന്നുണ്ട്. കൊണാട്ട് പ്ലേസിൽ നിന്ന് ജന്തർമന്ദറിലേക്ക് പ്രവേശിക്കുന്ന ജൻപഥ് റോഡിന്റെ പ്രവേശന കവാടത്തിൽ കുത്തിയിരുന്നായിരുന്നു വിദ്യാർത്ഥികളുടെ റോഡ് ഉപരോധം.
പോലീസ് വാഹനങ്ങൾക്ക് മുകളിൽ കയറിയും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചും വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ ഡൽഹിയിലെ പല പ്രധാന കേന്ദ്രങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്തിരുന്ന അധിക കേന്ദ്രസേന ഉടനടി സ്ഥലത്തെത്തിയതിനാലാണ് പ്രക്ഷോഭകരെ വേഗത്തിൽ നീക്കം ചെയ്യാനും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനും പോലീസിന് സാധിച്ചത്.
ഗ്യാനേഷ് കുമാർ രാജിവെക്കണം ; ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളുടെ മിന്നൽ സമരം പ്രവർത്തകരെ വലിച്ചിഴച്ച് പോലീസ്