ദിവസവും കാപ്പി കുടിക്കുന്ന ശീലം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിച്ചേക്കാമെന്ന് പുതിയ പഠനം. സ്ഥിരമായി കാപ്പി കഴിക്കുന്നവരിൽ ലിവർ സിറോസിസ്, ലിവർ കാൻസർ തുടങ്ങി കരൾ രോഗങ്ങളുമായി ബന്ധപ്പെട്ട മരണസാധ്യത ഗണ്യമായി കുറവാണെന്ന് ഗവേഷകർ കണ്ടെത്തി.
ഒരു വിദേശ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ യുകെ ബയോബാങ്കിൽ ഉൾപ്പെട്ട ഏകദേശം 3.55 ലക്ഷം മുതിർന്നവരുടെ ആരോഗ്യ-ഭക്ഷണ വിവരങ്ങളാണ് വിശകലനം ചെയ്തത്. ഏകദേശം 13 വർഷത്തോളം ഇവരുടെ ശീലങ്ങള്‍ വിലയിരുത്തിയതിനു ശേഷമാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്.
ദിവസവും അഞ്ച് കപ്പോ അതിലധികമോ കാപ്പി കുടിക്കുന്നവരിൽ ലിവർ സിറോസിസിന്റെ സാധ്യത 32 ശതമാനവും ലിവർ കാൻസറിന്റെ സാധ്യത 47 ശതമാനവും കരൾ രോഗങ്ങളുമായി ബന്ധപ്പെട്ട മരണസാധ്യത 42 ശതമാനവും കുറഞ്ഞതായാണ് കണ്ടെത്തല്‍. അതേസമയം, ചെറിയ അളവിൽ കാപ്പി കുടിക്കുന്നവരിലും സമാനമായ ആരോഗ്യഗുണങ്ങൾ കണ്ടെത്തിയതായും പഠനം വ്യക്തമാക്കുന്നു. കഫെയ്ൻ അടങ്ങിയ കാപ്പി മാത്രമല്ല, ഡീകാഫ് കാപ്പിയും കരളിന്റെ ആരോഗ്യത്തിന് ഗുണകരമായ ഫലങ്ങൾ നൽകുന്നുവെന്നതും ശ്രദ്ധേയമായ കണ്ടെത്തലാണ്.
കാപ്പിയിൽ കഫെയ്‌നിന് പുറമെ പോളിഫിനോളുകൾ, ക്ലോറോജെനിക് ആസിഡുകൾ, ഡിറ്റർപീനുകൾ തുടങ്ങി നൂറുകണക്കിന് ജൈവസജീവ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ശക്തമായ ആന്റിഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും കരളിൽ ഫൈബ്രോസിസ് അഥവാ മുറിവുകളും പാടുകളും രൂപപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കാമെന്നും വിദഗ്ധർ പറയുന്നു.
എന്തൊക്കെയാണെങ്കിലും കരൾ രോഗങ്ങൾ തടയാനുള്ള ഏക മാർഗമായി കാപ്പിയെ കാണരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സമീകൃതമായ ഭക്ഷണരീതി, ആരോഗ്യകരമായ ജീവിതശൈലി, മദ്യപാനം നിയന്ത്രിക്കൽ, ശരീരഭാര നിയന്ത്രണം, പതിവ് ആരോഗ്യപരിശോധന എന്നിവയാണ് കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഏറ്റവും പ്രധാനമെന്ന് അവർ ചൂണ്ടിക്കാട്ടി.
കാപ്പിയും കരൾ ആരോഗ്യവും തമ്മിലുള്ള ബന്ധം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ വ്യക്തമാക്കി.