വോട്ട് മറിക്കൽ ആരോപണം, വാക്കേറ്റം;പയ്യന്നൂരിൽ സിപിഎം ലോക്കൽ കമ്മിറ്റിയിൽ വനിതാ നേതാവിന് നേരെ അധിക്ഷേപം
പയ്യന്നൂർ: സിപിഎം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി യോഗത്തിനിടെ വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിച്ചതായി പരാതി. ഏരിയ കമ്മിറ്റി അംഗം കൂടിയായ വനിതാ നേതാവിനെതിരെയാണ് ലോക്കൽ കമ്മിറ്റി അംഗം മോശം പരാമർശം നടത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സംഭവം. മുതിർന്ന നേതാക്കളുടെ മുന്നിൽ വെച്ചുണ്ടായ ഈ അധിക്ഷേപത്തിനെതിരെ വനിതാ നേതാവ് പാർട്ടി ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
പയ്യന്നൂരിലെ പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണ് യോഗത്തിൽ കടുത്ത വാക്കേറ്റത്തിലേക്ക് നയിച്ചത്. വി. കുഞ്ഞികൃഷ്ണന് അനുകൂലമായി വനിതാ നേതാവ് വോട്ട് മറിച്ചെന്ന ആരോപണം ലോക്കൽ കമ്മിറ്റി അംഗം യോഗത്തിൽ ഉന്നയിക്കുകയായിരുന്നു. ഈ വോട്ട് മറിക്കൽ ആരോപണത്തെച്ചൊല്ലി ഇരുവർക്കുമിടയിൽ കടുത്ത തർക്കമുണ്ടാവുകയും, തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വനിതാ നേതാവിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തുവെന്നാണ് വിവരം.
ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ തന്നെ ഇത്തരമൊരു മോശം അനുഭവം ഉണ്ടായതിൽ വനിതാ നേതാവ് കടുത്ത അമർഷത്തിലാണ്. പാർട്ടി വേദികളിൽ വനിതാ നേതാക്കൾ നേരിടുന്ന ഇത്തരം മോശം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് അവർ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പയ്യന്നൂരിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകൾ വീണ്ടും പരസ്യമാക്കുന്നതാണ് പുതിയ വിവാദം. ഈ സംഭവത്തിൽ ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് അണികൾ ഉറ്റുനോക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.