കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ ഇത്തവണ പിബിയിൽ പ്രധാന ചർച്ചകൾ നടന്നേക്കും. പത്തു വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നിരയിൽ കരുത്തുറ്റ സാന്നിധ്യമായി പിണറായി വരണമെന്ന ആവശ്യം ഒരു വിഭാഗം ഉയർത്തുന്നുണ്ടെങ്കിലും, കനത്ത തിരിച്ചടിക്ക് പിന്നാലെ അദ്ദേഹം ഇതിന് തയ്യാറാകുമോ എന്നതിൽ വ്യക്തതയില്ല.
പിണറായി വിജയൻ സ്ഥാനമേറ്റെടുക്കാൻ വൈമുഖ്യം കാണിക്കുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയാകും ഈ പദവിയിലേക്ക് പരിഗണിക്കുക. പിണറായി ആദ്യം സ്ഥാനമേറ്റെടുത്ത് പിന്നീട് ബാലഗോപാലിന് കൈമാറുന്ന രീതിയിലുള്ള ധാരണകൾക്കും സാധ്യതയുണ്ട്. ഭരണപക്ഷം വലിയ ഭൂരിപക്ഷത്തിൽ സഭയിലിരിക്കുമ്പോൾ അതിനെ നേരിടാൻ അനുഭവസമ്പത്തുള്ള നേതാവ് വേണമെന്ന പാർട്ടിയിലെ പൊതുവികാരം പിണറായിയെ തന്നെ ഈ സ്ഥാനത്തേക്ക് എത്തിച്ചേക്കാം.