കൊണാട്ട് പ്ലേസിൽ സംഘടിപ്പിച്ച 'ലഹ്രാ ദോ തിരംഗാ' പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ട ഐസ (AISA) ദേശീയ അധ്യക്ഷ നേഹാ ബോറയെ ഡൽഹി പൊലീസ് തനിച്ച് കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായി സഹപ്രവർത്തകരും അനുയായികളും ആരോപിച്ചു. മണ്ഡി ഹൗസിന് സമീപത്ത് വെച്ചായിരുന്നു നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
നേഹയുടെ എക്സ് (X) അക്കൗണ്ടിലൂടെയാണ് സഹപ്രവർത്തകർ ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേഹയുടെ കൈവശം നിലവിൽ ഫോണില്ലെന്നും, അവർ ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കാൻ ഡൽഹി പൊലീസ് തയ്യാറാകണമെന്നും എക്സിലെ കുറിപ്പിൽ ആവശ്യപ്പെടുന്നു. "ഒരിക്കൽക്കൂടി പറയുന്നു, ഇതൊരു തട്ടിക്കൊണ്ടുപോകലാണ്, കസ്റ്റഡിയിലെടുക്കലല്ല" എന്ന ശക്തമായ പ്രതികരണത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
സിജെപി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്കാണ് 'തിരംഗാ മാർച്ച്' നടത്തുവാൻ ആഹ്വാനം ചെയ്തിരുന്നത്. എന്നാൽ മാർച്ചിൽ പങ്കെടുക്കാനായി താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയെയും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നേതാക്കളെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സ്ഥലത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്.
'കസ്റ്റഡിയല്ല, ഇത് തട്ടിക്കൊണ്ടുപോകൽ'; ഐസ അധ്യക്ഷ നേഹാ ബോറയെ പൊലീസ് അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായി പരാതി