നവോത്ഥാന സമിതിയില്‍ വിള്ളല്‍; വെള്ളാപ്പള്ളിക്കെതിരെ പുന്നല

Jaihind Webdesk
Wednesday, January 23, 2019

നവോത്ഥാന സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശനെതിരെ പ്രതികരണവുമായി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ രംഗത്ത്. മതില്‍ പൊളിഞ്ഞെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹത്തില്‍ ആശയക്കുഴപ്പം ഉണ്ടാക്കി. ഇത് എതിരാളികള്‍ക്ക് ആയുധമായെന്നും പുന്നല ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ആശയക്കുഴപ്പം ദൂരീകരിക്കേണ്ട ഉത്തരവാദിത്തം വെള്ളാപ്പള്ളിക്കുണ്ടെന്നും ജാഗ്രതപാലിക്കേണ്ടിയിരുന്നു. പുന്നല  പറഞ്ഞു.

വനിതാ മതിലിന്റെ സംഘാടകരായി തുടങ്ങിയ നവോത്ഥാന സമിതി ഹൈന്ദവ സംഘടനകളുടെ ഒരു സ്ഥിരം പ്ലാറ്റ്‌ഫോമാക്കുകയെന്നതായിരുന്നു എല്‍.ഡി.എഫ് ലക്ഷ്യം. എന്‍.എസ്.എസ് പൂര്‍ണ്ണമായും സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റുള്ള ഹൈന്ദവ ജാതി സംഘടനകളുടെ പിന്തുണ സി.പി.എമ്മിന് അത്യാവശ്യവുമായിരുന്നു.

എന്നാല്‍ അതിനിടയിലാണ് നവോത്ഥാന സമിതിയിലെ സംഘടനകള്‍ തന്നെ പരസ്പരം വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ രണ്ടുതവണയാണ് വെള്ളാപ്പള്ളി വനിതാ മതിലിനെ തള്ളിപ്പറഞ്ഞിരുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനത്തിനുള്ള കെണിയായിരുന്നു വനിതാമതിലെന്ന ധ്വനിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇതാണ് നവോത്ഥാന സമിതിജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന സി.പി.എം കേന്ദ്രങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ട് നവോത്ഥാന സമിതിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയായിരിക്കുകയാണ്. നാളെ നവോത്ഥാന സമിതിയുടെ യോഗം ചേരുകയാണ്. യോഗത്തിലും വെള്ളാപ്പള്ളി – പുന്നല വിമര്‍ശനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.[yop_poll id=2]