വനിതാ മതില്‍ പൊളിഞ്ഞെന്ന് തുറന്നുസമ്മതിച്ച് വെള്ളാപ്പള്ളി നടേശന്‍

Jaihind Webdesk
Monday, January 21, 2019

വനിതാ മതിലിനെ തള്ളി വെള്ളാപ്പള്ളി. വനിതാ മതിൽ പൊളിഞ്ഞെന്ന് സമ്മതിച്ച് സംഘാടകസമിതി ചെയർമാനായിരുന്ന വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിന് ശേഷം ഇതുസംബന്ധിച്ച് ആദ്യമായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ മതിൽ നടന്ന് ആഴ്ചകൾക്കു ശേഷമാണ് സംഘാടകസമിതി ചെയർമാൻ ആയിരുന്ന വെള്ളാപ്പള്ളി നടേശൻ ഇതുസംബന്ധിച്ച് മാധ്യമങ്ങൾക്കുമുന്നിൽ പ്രതികരിച്ചത്. പ്രതികരണം ഇങ്ങനെ.

“വനിതാമതില്‍ കെണിയല്ലാരുന്നോ… കാര്യം നന്നായി, പക്ഷേ പിറ്റേദിവസം തന്നെ അത് പൊളിഞ്ഞുപോയി. അത് ഒരു കെണിയായി”

കൊട്ടിഘോഷിച്ച് നടത്തിയ വനിതാമതില്‍ പൊളിഞ്ഞെന്ന് സംഘാടകസമിതി ചെയര്‍മാന്‍ തന്നെ തുറന്നുസമ്മതിച്ചു.

വനിതാ മതിലിന് തൊട്ടുപിന്നാലെ സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചത് ശരിയായില്ല. ശബരിമല വിഷയത്തിൽ ഉപദേശങ്ങൾ നന്നായി പരിശോധിച്ച ശേഷം വേണം സർക്കാർ നടപ്പാക്കാനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുമ്പ് പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നെങ്കിലും വനിതാമതിൽ പൊളിഞ്ഞെന്ന പരാമർശം നടത്തിയിരുന്നില്ല. വനിതാ മതിൽ വൻവിജയം എന്നുപറയുന്ന സർക്കാരിന് സംഘാടകസമിതി ചെയർമാന്‍റെ ഇപ്പോഴത്തെ പ്രതികരണം തലവേദനയാകുമെന്ന് ഉറപ്പാണ്.