നവോത്ഥാനത്തിന്‍റെ പേരിൽ പിണറായി സർക്കാർ വഞ്ചിച്ചു; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രീതി നടേശൻ

Jaihind Webdesk
Saturday, January 5, 2019

Preethi-against-CM-Pinarayi

നവോത്ഥാനത്തിന്റെ പേരിൽ പിണറായി സർക്കാർ വഞ്ചിച്ചുവെന്ന് പ്രീതി നടേശൻ. യുവതികൾ ശബരിമലയിൽ കയറിയതിൽ വളരെയധികം വിഷമം ഉണ്ടെന്നും പ്രീതി നടേശൻ വ്യക്തമാക്കി. വനിതാ മതിലിന് തൊട്ട് പിന്നാലെ യുവതികളെ പൊലീസ് സംരക്ഷണത്തിൽ സന്നിധാനത്ത് എത്തിച്ചതല്ല നവോത്ഥാനമെന്നും വിശ്വാസികൾക്കൊപ്പമാണ് എസ് എൻഡിപിയെന്നും പ്രീതി നടേശൻ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഎമ്മിന്‍റെ നേതൃത്വത്തിൽ നടന്ന വനിതാ മതിലിലെ മുഖ്യസംഘാടകരിൽ ഒരാളായിരുന്നു പ്രീതി നടേശൻ. വനിതാ മതിലുമായ ബന്ധപ്പെട്ട് പ്രതിജ്ഞ ചൊല്ലിക്കൊടുത്തതും പ്രീതി നടേശനായിരുന്നു. എന്നാൽ പ്രതിജ്ഞയിൽ ശബരിമലയുമായി ബന്ധപ്പെട്ട യാതൊന്നും ഉണ്ടായിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കിൽ അപ്പോൾ തന്നെ അവിടെ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും പ്രീതി നടേശൻ പറഞ്ഞു.

വനിതാ മതിൽ ശബരിമലയുമായി ബന്ധപ്പെട്ടല്ലെന്നും മറ്റ് നിരവധി നവോത്ഥാന മൂല്യങ്ങൾക്ക് വേണ്ടിയുള്ളതാണെന്നുമാണ് വിശദീകരിച്ചത്. അതിനാൽ തന്നെ അതിൽ പങ്കാളിയാകാതിരുന്നാൽ വരുംതലമുറ എസ്എൻഡിപി നേതൃത്വത്തെ കുറ്റപ്പെടുത്തുമെന്ന് കരുതിയാണ് വനിതാ മതിലിൽ പങ്കെടുത്തത്.  വനിതാ മതിലിന്റെ കരുത്ത് പോലും യുവതീ പ്രവേശനത്തിലൂടെ തകർത്തുവെന്നും മതിലൂടെ നേടിയ സൽപ്പേര് മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും പ്രീതി നടേശൻ വ്യക്തമാക്കി.

പല്ലുതേയ്ക്കാതെയും കുളിക്കാതെയും കേരളത്തിൽ ആരും ക്ഷേത്രത്തിൽ പോകാറില്ല. ആർത്തവകാല അശുദ്ധിയും അതുപോലെ മാത്രമാണെന്നും ഗുരുസ്മൃതിയിലും ആർത്തവകാല മാറിനിൽക്കലിനെക്കുറിച്ച് വിശദീകരിക്കുന്നുണ്ടെന്നും പ്രീതി നടേശൻ പറഞ്ഞു.

ഇരുട്ടിന്റെ മറവിൽ രഹസ്യമായി യുവതികളെ ശബരിമലയിൽ കൊണ്ടുപോകുന്നതല്ല നവോത്ഥാനമെന്നും ഇത് വിശ്വാസികളിൽ ചതിക്കപ്പെട്ടു എന്ന വികാരമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും പ്രീതി നടേശൻ പറഞ്ഞു.