വനിതാ മതിൽ : അടിസ്ഥാനം ശബരിമല വിധി തന്നെ, നിലപാട് മാറ്റി പിണറായി, വി.എസിനും മറുപടി

Jaihind Webdesk
Sunday, December 30, 2018

Pinarayi-VS

വനിതാ മതിൽ സൃഷ്ടിക്കാൻ ഇടയാക്കിയത് ശബരിമല വിധിയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മതിൽ സംബന്ധിച്ച ലേഖനത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. വിധിക്ക് പിന്നാലെ സ്ത്രീകളെ തെരുവിലിറക്കി ഒരു വിഭാഗം പ്രതിഷേധിച്ചു. സ്ത്രീവിരുദ്ധമാണ് വിധി എന്നായിരുന്നു ഇവരുടെ പ്രചാരണം. ഹിന്ദുമത വിഭാഗങ്ങളിൽ നിന്നാണ് ഇത്തരത്തിലുള്ള പ്രചാരണം ഉയർന്നതെന്നും മുഖ്യമന്ത്രി ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ആറുപേജുള്ള ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണങ്ങളുള്ളത്.

സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിച്ച മുതിർന്ന സി.പി.എം നേതാവും ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രി മറുപടി നൽകിയെന്നതാണ് ഏറെ ശ്രദ്ധേയമായിട്ടുള്ളത്. വനിതാ മതിൽ വർഗ സമര കാഴ്ചപ്പാടിന് വിരുദ്ധമല്ലെന്നും സമുദായ സംഘടനകളുമായി ചേർന്ന് മുമ്പും സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നു. തന്‍റെ പ്രസ്താവനയിൽ വർഗസമരത്തെക്കുറിച്ചും വിപ്ലവ പരിപാടിയെക്കുറിച്ചുമാണ് പറഞ്ഞതെന്നും, വർഗ സമരത്തെ കുറിച്ചു താൻ പറഞ്ഞതു കാനം തെറ്റിദ്ധരിച്ചുവെന്നുമായിരുന്നു വി.എസ്, കാനത്തിന്‍റെ വിമർശനത്തിന് നൽകിയ മറുപടി. ഇതിനെ ഖണ്ഡിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിട്ടുള്ളത്. ലിംഗസമത്വത്തിനൊപ്പം നിൽക്കുന്നതും ജാതീയ അടിച്ചമർത്തലിനെതിരെ പോരാടുന്നതും വർഗസമരത്തിന്റെ ഭാഗമാണെന്നും ലേഖനത്തിൽ വാദമുയർത്തുന്നു. കമ്യൂണിസ്റ്റ് പാർട്ടി മുമ്പും സമുദായ സംഘടനകളുമായി ചേർന്ന് സമരങ്ങൾ നടത്തിയിട്ടുണ്ടെന്നും വിമർശനങ്ങളുമായെത്തു ന്നത് നവോത്ഥാന ചരിത്രത്തെക്കുറിച്ച് അജ്ഞരായവരാണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

പാർട്ടിയും മുന്നണിയും ചേർന്നാണ് വനിതാമതിൽ തീരുമാനം എടുത്തതെന്നും വി.എസ് ഇപ്പോഴും സി.പി.എമ്മുകാരനാണെന്നു വിശ്വസിക്കുന്നു എന്നുമായിരുന്നു കാനത്തിന്‍റെ വിമർശനം. ഇതിനെതിരെ മുഖ്യമന്ത്രിയെടുത്ത പ്രത്യക്ഷ നിലപാട് വി.എസിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നതിലും സംശയമില്ല. വനിതാമതിൽ സംബന്ധിച്ച് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന പ്രചാരണ പരിപാടികളിലോ മറ്റ് യോഗങ്ങളിലോ ശബരിമല വിധിയുമായി ബന്ധപ്പെട്ട പരാമർശം ഇതുവരെ നടത്താതിരുന്ന മുഖ്യമന്ത്രിയാണ് നിലവിൽ നിലപാട് മാറ്റി രംഗത്ത് വന്നത്. വനിതാമതിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്താനാണെന്ന വ്യാഖ്യാനമായിരുന്നു മുഖ്യ സംഘാടക സ്ഥാനത്തുള്ള എൻ.എൻ.ഡി.പി യോഗം ജനറൽ സെകക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ നിലപാട്. എന്നാൽ ശബരിമല വിധിയും വനിതാമതിലും തമ്മിൽ ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ ഇതുവരെ നടത്തിയ നവോത്ഥാന ന്യായീകരണങ്ങളാണ് പൊളിഞ്ഞു വീഴുന്നത്.

teevandi enkile ennodu para