‘സർക്കാരിന്‍റെ വികലമായ തീരുമാനങ്ങൾ കാരണം ഒരു നഗരവും ജനങ്ങളും ആശങ്കയുടെ മുൾമുനയിലാണ്, ഇത് ഒഴിവാക്കാമായിരുന്നു’

Jaihind News Bureau
Tuesday, July 21, 2020

തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ എംഎല്‍എ. സർക്കാരിന്‍റെ വികലമായ തീരുമാനങ്ങൾ കാരണം ഒരു നഗരവും ജനങ്ങളും ആശങ്കയുടെ മുൾമുനയിലാണെന്നും ഈ സാഹചര്യം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ട്രിപ്പിൾ ലോക്ഡൗണിലും തലസ്ഥാനത്ത് കൂടുതൽ‌ കേസുകൾ വന്നത് നാണക്കേടാണെന്ന് പറഞ്ഞ  മുഖ്യമന്ത്രിയും സർക്കാരുമാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷ മാറ്റി വെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കൊവിഡ് വ്യാപനകാലത്ത് കീം നടത്തണമെന്ന് വാശിപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തിരുവനന്തപുരത്ത് KEAM പരീക്ഷയെഴുതിയ രണ്ടു വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു എന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്.ഈ രണ്ടു പേരും പരീക്ഷയെഴുതിയത് കൺടൈന്മെന്റ് സോണായ തൈക്കാടും കരമനയുമുള്ള ആയിരങ്ങൾ എത്തിച്ചേർന്ന കേന്ദ്രങ്ങളിലാണ്.ട്രിപ്പിൾ ലോക്ഡൗണിലും തലസ്ഥാനത്ത് കൂടുതൽ‌ കേസുകൾ വന്നത് നാണക്കേടാണെന്ന് ബഹു: മുഖ്യമന്ത്രി അവലോകനയോഗത്തിൽ പറഞ്ഞത്.എന്നാൽ ഇതേ മുഖ്യമന്ത്രിയും സർക്കാരുമാണ് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പരീക്ഷ മാറ്റി വെക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കോവിഡ് വ്യാപനകാലത്ത് KEAM നടത്തണമെന്ന് വാശിപിടിച്ചത്. കേരള സർക്കാർ ‘കോവിഡിന്റെ വ്യാപാരികളാണ്’ എന്ന രാഷ്ട്രീയ വിശേഷണത്തിന് ഞാൻ മുതിരുന്നില്ല, പക്ഷേ നിങ്ങളുടെ വികലമായ തീരുമാനങ്ങൾ കാരണം ഒരു നഗരവും ഇവിടുത്തെ ജനങ്ങളും ആശങ്കയുടെ മുൾമുനയിലാണ്. ഇത് നിങ്ങൾക്ക് ഒഴിവാക്കാമായിരുന്നു.

 

https://www.facebook.com/SabarinadhanKS/posts/1386870731504378