സ്‌കൂള്‍ വിദ്യാര്‍ഥിനി മെഹ്റീന്‍ സലിമിന്‍റെ ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു

B.S. Shiju
Saturday, November 7, 2020

 

ഷാര്‍ജ : മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മെഹ്റീന്‍ സലിമിന്റെ ഇംഗ്ലീഷ് പുസ്തകം, ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ദി വേള്‍ഡ് ഈസ് നോട്ട് ഓള്‍ സണ്‍ഷൈന്‍ ആന്‍ഡ് ഹാപ്പിനസ് എന്ന പുസ്തകം, യുഎഇ സ്വദേശിയായ നടനും അബുദാബി ടെലിവിഷന്‍ അവതാരകനുമായ അലി അല്‍ കാജ പ്രകാശനം നിര്‍വഹിച്ചു. ഷാര്‍ജ പുസ്തക മേളയുടെ എക്‌സ്റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യുട്ടീവ് കെ മോഹന്‍കുമാര്‍ ആദ്യ കോപി ഏറ്റുവാങ്ങി.

ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം എം എയുടെ മകളാണ് മെഹ്റീന്‍ സലിം.  ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി എം എയ്ക്കും തന്റെ ആദ്യ പുസ്തകം മെഹ്‌റിന്‍ സമ്മാനിച്ചു. ഷാര്‍ജ പുസ്തക മേളയിലെ ഹാള്‍ നമ്പര്‍ ആറില്‍ വെള്ളിയാഴ്ച കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ്. കോഴിക്കോട് കേന്ദ്രമായ ലിപിയാണ് പുസ്തക പ്രസാധകര്‍. മെഹ്റീന്റെ പിതാവ് സലിം എം എ, സഹോദരന്‍ റിസ്‌വാന്‍ സലിം, ബ്രോണറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ പി അബ്ദുല്‍ സഹീര്‍ , അക്ബര്‍ ലിപി ഉള്‍പ്പടെയുള്ള സാമൂഹ്യ-സാസ്‌കാരിക-മാധ്യമ രംഗത്തെ നിരവധി പേര്‍ സംബന്ധിച്ചു. രാധാകൃഷ്ണന്‍ മച്ചിങ്കല്‍ ഇംഗ്ലീഷിലും ബഷീര്‍ തിക്കോടി മലയാളത്തിലും പുസ്തകം പരിചയപ്പെടുത്തി.

ദുബായ് വെല്ലിങ്ടണ്‍ സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയാണ് മെഹ്റീന്‍ സലിം. ദുബായില്‍ വളര്‍ന്ന മഹ്റീനയുടെ മൂന്ന് വര്‍ഷത്തെ സ്വപ്നം കൂടിയാണ് പുസ്തകമായി പുറത്തിറങ്ങിയത് . നേരത്തെ, മൈ സേവിയര്‍ എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. എന്നാല്‍, ഇത് ആദ്യമായാണ് ഇത്തരത്തില്‍ പുസ്തക പ്രകാശന ചടങ്ങായി ഇത് സംഘടിപ്പിച്ചത്.