മരട് ഫ്ലാറ്റുകള്‍ ജനുവരി 11 നും 12 നുമായി പൊളിച്ചുനീക്കും ; സമീപവാസികളെ ഒഴിപ്പിക്കും

Jaihind News Bureau
Wednesday, December 25, 2019

Marad-Flats

സുപ്രീം കോടതി പൊളിച്ച് മാറ്റാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുകളിൽ ജനുവരി 11 നും 12 നും നിയന്ത്രിത സ്ഫോടനങ്ങൾ നടത്തും. പതിനൊന്നിന് രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിലാണ് ആദ്യം സ്ഫോടനം നടത്തുക.

പൊളിക്കുന്നതിന്‍റെ ഭാഗമായി നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകൾക്കായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ തീരുമാനമായിട്ടുണ്ട്. ഔദ്യോഗികമായി എന്തെങ്കിലും തടസങ്ങൾ വന്നാൽ മാത്രമേ സമയക്രമത്തിൽ മാറ്റം വരുകയുള്ളൂവെന്ന് പൊളിച്ച് മാറ്റാൻ സർക്കാർ ചുമതല നൽകിയ ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.

നിലവിൽ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ വിള്ളലുകൾ വീണ സമീപത്തെ വീടുകൾക്ക് ഫ്ലാറ്റുകൾ പൊളിക്കാൻ ചുമതല ഏറ്റെടുത്ത കമ്പനികൾ നഷ്ടപരിഹാരം ഉറപ്പാക്കും. ഫ്ലാറ്റുകൾ പൊളിക്കുന്നതിന്‍റെ ഭാഗമായി സമീപവാസികൾക്ക് തേര്‍ഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷയും ഉണ്ടാകും. പൊളിക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ നാല് മണിക്കൂർ നേരത്തേക്ക് വീടുകളിൽ നിന്ന് ഒഴിപ്പിക്കാനും സമീപത്തെ വീടുകളുടെ ചിത്രങ്ങൾ പകർത്താനും തീരുമാനമായിട്ടുണ്ട്. സ്ഫോടനത്തിൽ നാശനഷ്ടമുണ്ടായാൽ നഷ്ടപരിഹാരം നൽകാനാണ് ചിത്രങ്ങൾ പകർത്തുന്നത്.

അതിനിടെ ജനവാസ മേഖലയിലുള്ള നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റ് പൊളിക്കുന്നത് അവസാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് പരിസരവാസികൾ നടത്താനിരുന്ന പട്ടിണി സമരം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് മാറ്റിവെച്ചു. ജനുവരി 11 ന് ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകളും 12 ന് ജയിൻ കോറലും, ഗോൾഡൻ കായലോരവും പൊളിക്കാനാണ് തീരുമാനമായിട്ടുള്ളത്.