ജെയിന്‍ കോറല്‍ കോവും നിലംപൊത്തി : തകർന്നടിഞ്ഞത് 9 സെക്കന്‍റുകള്‍ കൊണ്ട് ; അവശിഷ്ടങ്ങള്‍ കായലില്‍ വീണില്ല

Jaihind News Bureau
Sunday, January 12, 2020

കൊച്ചി : തീരദേശ സംരക്ഷണ നിയമം ലംഘിച്ച് പണിതുയർത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ മൂന്നാമത്തെ ഫ്ലാറ്റും തകർത്തു. ജെയിന്‍ കോറല്‍ കോവ് എന്ന ഫ്ലാറ്റാണ് ഇന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർത്തത്. 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങിയതിന് പിന്നാലെ 11.03 ഓടെ ജെയിന്‍ കോറല്‍ കോവ് വിജയകരമായി തകർത്തു.

ജെയിന്‍ കോറല്‍ കോവിന്‍റെ പൊളിക്കല്‍ നടപടി വിജയകരമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അവശിഷ്ടങ്ങൾ കായലിൽ വീണില്ല. ഒമ്പത് സെക്കന്‍ഡുകള്‍ കൊണ്ടാണ് 17 നിലകളുള്ള ഫ്ലാറ്റ് നിലംപതിച്ചത്. 128 അപ്പാർട്ട്മെന്‍റുകളുള്ള നെട്ടൂര്‍ കായല്‍ തീരത്തെ ജെയിന്‍ കോറല്‍കോവ് നിയന്ത്രിയ സ്ഫോടനങ്ങളിലൂടെ തകർത്തവയില്‍ ഏറ്റവും വലിയ ഫ്ലാറ്റാണ്.

ഇന്നലെ എച്ച് ടു ഒ ഫ്ലാറ്റും ആൽഫാ സെറിൻ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകർത്തിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോൾഡൻ കായലോരം ഫ്ലാറ്റും സ്ഫോടനത്തിൽ തകർക്കും. എഡിഫസ് എന്‍ജിനീയറിംഗ് കമ്പനിയാണ്ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. ഇന്ന് രണ്ട് മണിക്ക് പൊളിക്കുന്ന ഗോൾഡൻ കായലോരത്ത് 40 അപ്പാർട്ട്മെന്‍റുകളാണ് ഉള്ളത്. വെള്ളച്ചാട്ടം പോലെ വ്യത്യസ്ത രീതിയിലാകും ഗോൾഡൻ കായലോരം തകര്‍ക്കുന്നതെന്ന് എഡിഫസ് കമ്പനി സി.ഇ.ഒ ജോ ബ്രിക്മാന്‍ പറഞ്ഞു.